പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി 20 ലക്ഷം രൂപയും സ്വർണ്ണവും കൊള്ളയടിച്ചു..
മംഗ്ളൂരു: പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി 20 ലക്ഷം രൂപയും 183 ഗ്രാം സ്വർണ്ണവും കൊള്ളയടിച്ചു. ഇന്ന് (തിങ്കൾ) പുലർച്ചെ നാലു മണിയോടെ മംഗ്ളൂരു, പണമ്പൂർ, ബൈക്കംപാടി ദേശീയ പാതയിലാണ് സംഭവം. പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയായ വികാസും കുടുംബവും ആണ് കൊള്ളയ്ക്കിരയായത്. മഹാരാഷ്ട്രയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹ പരിപാടിയിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വികാസും ഭാര്യയും മകനും അടങ്ങുന്ന കുടുംബം. ബൈക്കംപാടി ജംഗ്ഷനിൽ എത്തിയപ്പോൾ രണ്ട് ഇന്നോവ കാറുകളിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം വികാസും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പണമ്പൂർ പൊലീസ് കേസെടുത്തു. കൊള്ള സംഘം എത്തിയത് കേരള രജിസ്ട്രേഷനിലുള്ള കാറുകളിലാണെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. സമാന രീതിയിലുള്ള മറ്റൊരു കൊള്ള ജൂൺ ഒന്നിന് പയ്യന്നൂർ, വെള്ളൂരിലും ഉണ്ടായിരുന്നു. തലശ്ശേരിയിലെ സ്വർണ്ണ വ്യാപാരി കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു കൊള്ള. പ്രസ്തുത സംഭവത്തിൽ 25 ഗ്രാം സ്വർണ്ണവും 55 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കേസിൽ കീച്ചേരി, പാറക്കടവ്, സ്വദേശി സനു സന്തോഷ് അറസ്റ്റിലായിരുന്നു. മറ്റു പ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇതിനിടയിലാണ് സമാനമായ മറ്റൊരു കൊള്ളക്കേസ് ബൈക്കംപാടിയിൽ നടന്നത്.
No comments