Breaking News

സ്വർണ വ്യാപാരിയെ ആക്രമിച്ച കേസ്: അക്രമികർക്ക് സമാന സംഭവങ്ങളിലും ബന്ധമെന്ന് സംശയം


പയ്യന്നൂർ: സ്വർണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാർ തട്ടിയെടുത്ത് ആഭരണം കവർന്ന കേസിന് നേരത്തെ പിലാത്തറയിൽ സമാനമായി നടന്ന രണ്ട് സംഭവവുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെട്ടു. തലശേരി ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാർ ജലിന്തർ നിഗമും ഭാര്യയും രണ്ട് കുട്ടികളും സുഹൃത്ത് സച്ചിനും സഞ്ചരിച്ച കാർ തട്ടിയെടുത്ത് തകർത്ത് വസ്ത്രങ്ങൾ മുഴുവൻ വാരിവലിച്ചിട്ട് കാറിന്റെ സീറ്റ് ഉൾപ്പെടെ കുത്തിക്കീറി പിലാത്തറ സഹകരണ കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനിടയിൽ കുമാറിന്റെ ഭാര്യയുടെ 25 ഗ്രാമിന്റെ ആഭരണം സംഘം തട്ടിയെടുക്കുകയും ചെയ്തു. നേരത്തെ പിലാത്തറയിൽ ഒമ്പതേമുക്കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഘത്തിന് സ്വർണം പൊട്ടിക്കൽ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അഞ്ച് മാസം മുമ്പ് കാറിൽ കടത്തുകയായിരുന്ന 80 ലക്ഷത്തോളം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ സംഘത്തിനും സ്വർണം പൊട്ടിക്കൽ ടീമുമായി ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. അതിനാൽ ഈ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ സംഭവത്തിൽ അന്വേഷണം നടക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് എന്തൊക്കെയോ ഒളിച്ചുവെച്ചുകൊണ്ടാണ് സ്വർണ വ്യാപാരിയായ കുമാർ സംസാരിക്കുന്നതെന്ന സംശയവുമുണ്ട്. കേസ് അന്വേഷണം എസ്.പിയുടെയും പയ്യന്നൂർ ഡിവൈ.എസ്.പിയുടെയും സ്ക്വാഡിനെ ഏൽപ്പിച്ചിട്ടുണ്ട്.

No comments