പുസ്‌തകവണ്ടി ബുക്ക് കഫേയുടെ വിപുലീകരിച്ച സ്റ്റാൾ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് എഴുത്തുകാരൻ അരുൺ എഴുത്തച്ഛൻ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: ആവശ്യപ്പെടുന്ന ഏത് പുസ്തകവും എവിടെ ആയാലും ലഭ്യതക്കനുസരിച്ച് പരമാവധി വേഗത്തിൽ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമായ കാഞ്ഞങ്ങാട്ടെ പുസ്തകവണ്ടിയുടെ ബുക്ക് കഫേ വായനക്കാരുടെയും സൗഹൃദങ്ങളുടെയും സൗകര്യം മാനിച്ച്, സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറുകയാണ്.
പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുറച്ചുകൂടി സൗകര്യപ്രദമായ, കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിന് എതിർവശത്തുള്ള
മാൾ ഓഫ് ഇന്ത്യ ബിൽഡിംഗിലാണ് ഇനി പുസ്തകവണ്ടിയുടെ ബുക്ക് കഫെ പ്രവർത്തിക്കുക.
ആളുകളെ വായനയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ എന്നീ യുവാക്കളാണ് പുസ്തകവണ്ടി എന്ന ആശയത്തിന് രൂപം നൽകിയത്.
വലിയ ലാഭമോഹങ്ങളില്ലാതെ കൂടുതൽ ആളുകളിലേക്ക് അധികഭാരമില്ലാതെ പുസ്‌തകങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുസ്‌തകവണ്ടിയുടെ പ്രഥമ പരിഗണന വായനക്കാർക്ക് തന്നെയാണ്. വായനക്കാർക്ക് നേരിട്ടെത്തി പുസ്തകങ്ങൾ പരിചയപ്പെടുവാനും വാങ്ങാനുമൊക്കെയുള്ള ഒരിടം എന്ന നിലയിലാണ് ബുക്ക് കഫെ എന്ന ആശയം പുസ്‌തകവണ്ടി അവതരിപ്പിക്കുന്നത്.
ജൂൺ 9 ചൊവ്വാഴ്ച വൈകിട്ട് 4.30-ന് മാൾ ഓഫ് ഇന്ത്യയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അരുൺ എഴുത്തച്ഛൻ 'ബുക്ക് കഫെ' വായനക്കാർക്കായി തുറന്ന് കൊടുക്കും. പുസ്തകവണ്ടി പ്രതിനിധി നബിൻ ഒടയഞ്ചാൽ ആമുഖഭാഷണം നടത്തും. ശാന്തമ്മ, നാരായണിയമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.
ചടങ്ങിൽ സി.പി ശുഭ അദ്ധ്യക്ഷയാവും. നഗരസഭ ചെയർമാൻ വി.വി രമേശൻ മുഖ്യാതിഥിയാവും. പ്രശസ്‌ത എഴുത്തുകാരായ അംബികാസുതൻ മാങ്ങാട്, ഇ.പി രാജഗോപാലൻ, രാജ്മോഹൻ നീലേശ്വരം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ദിലീപ്കുമാർ, കാഞ്ഞങ്ങാട് പ്രസ്സ്ഫോറം പ്രസിഡണ്ട് ഫസലു റഹ്മാൻ, കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് സി.കെ ആസിഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. ലിയാക്കത്ത് അലി ബുക്ക് കഫെയിൽ നിന്നും ആദ്യ പുസ്തകം കൈമാറും, എം.കെ ഗോപകുമാർ മാഷ് ഏറ്റുവാങ്ങും. പുസ്‌തകവണ്ടിയുടെ ജയേഷ് കൊടക്കൽ ചടങ്ങിൽ നന്ദി പറയും.
കൂടുതൽ വിവരങ്ങൾക്ക്: 9496357895, 9074348676
No comments