Breaking News

ജുറാസിക് പാര്‍ക്കിലെ ഡോ. അലന്‍ ഗ്രാന്റ്, ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു


ജുറാസിക് പാർക്ക് സിനിമയിലെ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പരിചിതനായ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു. അർബുദത്തോട് പടപൊരുതിയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഓസ്‌ട്രേലിയയിലെ സ്വവസതിയില്‍ വച്ചായിരുന്നു മരണം. ഇന്‍സ്റ്റഗ്രാം പേജിലൂടെ കുടുംബമാണ് മരണ വിവരം പുറത്തുവിട്ടത്.

മൂന്നാം ഘട്ട കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം താൻ രോഗമുക്തനായെന്ന് ഏപ്രിലിൽ താരം അറിയിച്ചിരുന്നു. 2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ ( രക്താർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ‘ജുറാസിക് പാർക്ക് 3’, ‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ എന്നീ സിനിമകളിലും ഡോ. അലൻ ആയി തന്നെ നടൻ അഭിനയിച്ചിരുന്നു. ‍

ഡൊണാൾഡ് പെട്രി സംവിധാനം ചെയ്ത ‘ദ് ലാസ്റ്റ് റിസോർട്ട്’ ആണ് സാം അവസാനമായി അഭിനയിച്ച ചിത്രം. ന്യൂസിലന്‍ഡ് ചിത്രം സ്ലീപ്പിങ് ഡോഗ്‌സിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1977 ല്‍ പുറത്തിറങ്ങിയ ചിത്രം യുഎസില്‍ റിലീസ് ചെയ്ത ആദ്യ ന്യുസിലന്‍ഡ് ചിത്രമാണ്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ 150 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പീക്കി ബ്ലെന്റേഴ്‌സ്, ദ ടുഡോര്‍സ്, ദ ടൊല്‍വ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

No comments