Breaking News

ആഫ്രിക്കൻ കലാകാരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനത്താലും മെയ്വഴക്കംകൊണ്ടും കാണികളെ ത്രസിപ്പിച്ച് കാസർഗോഡ് നടക്കുന്ന ജംബോ സർക്കസ്


കാസർകോട്ആഫ്രിക്കൻ കലാകാരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനത്താലും മെയ്വഴക്കംകൊണ്ടും കാണികളെ ത്രസിപ്പിച്ച് ജംബോ സർക്കസ്. പ്രതിസന്ധികൾക്കിടയിലും വ്യത്യസ്തവും പുതുയുള്ളതുമായ ഇനങ്ങളുമായാണ് ഇത്തവണ ജംബോ സർക്കസ് കാസർകോടെത്തിയത്. ഫ്ലയിങ് ട്രപ്പീസ്, ബോൺലെസ്, മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിങ്, അക്രോബാറ്റിക് ചെയർ ബാലൻസിങ്, ഡെന്റൽ എരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, റോളർ ആക്ട്, സ്റ്റിക്ക് ബാലൻസ് തുടങ്ങി 28 മുതൽ 30 വരെ ഇനങ്ങൾ പ്രദർശനത്തിലുണ്ട്. ഡാർക്ക് ലൈറ്റ് ഗ്ലോബിൽ ഒന്നിലേറെ ബൈക്കുകൾ ഒന്നിച്ച് ഓടിക്കുന്നതും അപൂർവ കാഴ്ച.വന്യമൃഗങ്ങളെ സർക്കസുകളിൽ പ്രദർശിപ്പിക്കുന്നത് 2014 ൽ നിരോധിച്ചതോടെ ഇവയുടെ റോബോട്ടിക് രൂപങ്ങളാണുള്ളത്. സിംഹം, ജിറാഫ്, ഹിപ്പൊപ്പൊട്ടാമസ്, സീബ്ര, പുലി, മാൻ തുടങ്ങിയവയുടെ റോബോട്ടിക് രൂപങ്ങൾ കൂടാരത്തിൽ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കാനുണ്ട്. എത്യോപ്യ, ടാൻസാനിയ എന്നീ ആഫ്രിക്കൻ രാജ്യത്തുനിന്നും നേപ്പാളിൽനിന്നും മണിപ്പൂർ, ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുമുള്ള കലാകാരന്മാരുമാണ് കൂടാരത്തിൽ വിസ്മയം തീർക്കാനുള്ളത്. മലയാളികൾ ആരുമില്ല. 42 കലാകാരന്മാരിൽ 18 പേർ സ്ത്രീകൾ. സാമ്പത്തിക പ്രയാസം കാരണം പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലാണ് സർക്കസ് കമ്പനികളെല്ലാമെന്ന് മുഖ്യ പരിശീലകനായ ഇ രവീന്ദ്രൻ പറഞ്ഞു. സർക്കസ് നടത്താനാവശ്യമായ മൈതാനവാടക, ഇന്ധനച്ചെലവ്, കലാകാരന്മാരുടെ വേതനം, ഭക്ഷണം, ക്യാമ്പുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് എന്നിവയ്ക്കുള്ള ചിലവ് വളരെ വലുതാണ്. എന്നാൽ ഇതിനുള്ള വരുമാനം ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്നില്ല. ജംബോ സർക്കസിൽ 100 ലേറെ കലാകാരന്മാരുണ്ട്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് സീസൺ. ഇപ്പോൾ ഓഫ് സീസണിലാണ് പ്രദർശനം. ഒരു സീസണിൽ രാജ്യം മുഴുവൻ 10 ക്യാന്പെങ്കിലുമുണ്ടാവും. നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപമാണ് പ്രദർശനം നടക്കുന്നത്. രണ്ടു മണിക്കൂറാണ് ഷോ. പകൽ ഒന്ന്, വൈകിട്ട് നാല്, രാത്രി ഏഴ് എന്നിങ്ങനെ പ്രദർശന സമയം. 150, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

No comments