അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ റോഡ് സുരക്ഷാ ഭീഷണികൾ പരിഹരിക്കണം: അയ്യൻകാളി സാംസ്കാരിക വേദി മന്ത്രിക്ക് നിവേദനം നൽകി
രാജപുരം : കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലെ കണ്ണാടിപ്പാറ പ്രദേശത്ത് യാത്രക്കാർ നേരിടുന്ന വിവിധ സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി കണ്ണാടിപ്പാറ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
സംസ്ഥാന പാതയിലെ കണ്ണാടിപ്പാറ വളവിൽ സ്വകാര്യ വ്യക്തികളുടെ റബർ മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇതുമൂലം വളവുകളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
കൂടാതെ, കണ്ണാടിപ്പാറയിലെ പി.ഡബ്ല്യു.ഡി (PWD) സ്ഥലത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന വലിയ പൊലിയിന്ദ്രൻ പാല മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ശക്തമായ കാറ്റിൽ ഈ മരം പൊട്ടിവീണാൽ തൊട്ടടുത്തുള്ള ഹൈ ടെൻഷൻ (HD) വൈദ്യുത ലൈനുകൾക്ക് മുകളിലേക്കാവും പതിക്കുക. ഇത് അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വൻ അപകടത്തിന് കാരണമായേക്കാം. കണ്ണാടിപ്പാറ മുതൽ അട്ടേങ്ങാനം വരെയുള്ള ഭാഗങ്ങളിൽ റോഡരികിൽ കോൺക്രീറ്റ് ഓവുചാൽ (ഡ്രെയിനേജ്) നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നും സാംസ്കാരിക വേദി ഭാരവാഹികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
No comments