ഈ വർഷത്തെ കാൻ ഫെഡ് അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ കാവുങ്കൽ നാരായണന്
കാഞ്ഞങ്ങാട്: ഈ വർഷത്തെ കാൻ ഫെഡ് അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ കാവുങ്കൽ നാരായണന് ലഭിച്ചു.കാൻഫെഡ് സംസ്ഥാന സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന നാരായണൻ മാസ്റ്റർക്ക് കാൻഫെഡ് സംസ്ഥാന ഭാരവാഹികൾ വീട്ടിലെത്തി അവാർഡ് സമ്മാനിക്കും.
കാഞ്ഞങ്ങാട്ടെ ആദ്യകാല മാധ്യമ പ്രവർത്തകനായിരുന്നു.
കാഞ്ഞങ്ങാട് അരനൂറ്റാണ്ട് കാലം മാതൃഭൂമിയുടെ ലേഖകനായി നിറഞ്ഞു നിന്ന കാവുങ്കൽ നാരായണൻ കാൻഫെഡിൻ്റെ ജില്ലയിലെ മുതിർന്ന സാരഥിയാണ്. അധ്യാപകൻ സാക്ഷരതാ പ്രവർത്തകൻ,എഴുത്തുകാരൻ, നോവലിസ്റ്റ്, തുടങ്ങിയ നിലയിൽ തൻ്റെ പ്രതിഭ തെളിയിച്ചു. കോടോം-ബേളൂർ അയ്യങ്കാവിലെ പരേതനായ അയ്യങ്കാവ് കൂലോത്ത് കുഞ്ഞിരാമൻ മണിയാണിയുടെയും കാവുങ്കൽ കെ.പി. നാരായണിയമ്മയുടെയും മകനായ നാരായണൻ മാസ്റ്റർ. പള്ളിക്കര കീക്കാൽ ഗവ.യു.പി.സ്കൂൾ, ദുർഗഹയർ സെക്കൻ്ററി സ്‌കൂൾ, മട്ടന്നൂർ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ബേളൂർ ശ്രീശങ്കര യു.പി.സ്‌കൂൾ, പറക്കളായി ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഹൊസ്‌ദുർഗ് എ.ഇ.ഒ ഓഫീസിൽ പ്രൈമറി എക്സ്റ്റൻഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. സാക്ഷരതാരംഗത്ത് നാലുപതിറ്റാണ്ടിലധികം നീണ്ടുനിന്ന സേവനം. പി.എൻ.പണിക്കരുമായി ചേർന്നു നിന്ന് പ്രവർത്തിച്ചു.കാൻഫെഡിൻ്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷൻ്റെയും ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു. പി.എൻ.പണിക്കർ ആയുർവേദ മെഡിക്കൽ കോളേജിൻ്റെ സ്ഥാപകരിലൊരാൾ. മികച്ച പൊതു പ്രവർത്തകനെന്ന നിലയിൽ വിവിധ പുരസ്കാരങ്ങൾ നേടിയെടുത്തു. ആകാശവാണിയിലൂടെ നിരവധി പ്രഭാഷണങ്ങളും സാഹിത്യ രചനകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. സാക്ഷരതാസമിതി പ്രചരണവിഭാഗം മാനേജർ, സാക്ഷര കേരളം മാസികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഗോപുരം കല്ലിൻ്റെ നിഴൽ(നോവൽ), അഭയം തേടുന്നവർ (നോവൽ), ഗ്രാമ വഴിയിലെ കനലുകൾ (നോവൽ)തെരഞ്ഞെടുത്ത ചെറുകഥകൾ. എന്നിവയാണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ.
No comments