ദേശീയപാത 66-ലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കുക: നീലേശ്വരം ജനകീയ സമരസമിതി 126-ാം ദിനത്തിൽ സമൂഹ നിരാഹാരം സംഘടിപ്പിക്കും
നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെയും അധികൃതരുടെ അവഗണനയിലും പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമൂഹ നിരാഹാരം സംഘടിപ്പിക്കും എന്ന് നീലേശ്വരം പ്രസ്സ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ജനകീയ സമര സമിതി ഭാരവാഹികൾ അറിയിച്ചു.
അനിശ്ചിതകാല സമരത്തിന്റെ 126-ാം ദിനമായ ജൂലൈ 26 ഞായറാഴ്‌ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നിരാഹാര സമരം.
മയിച്ച, പെരുമ്പ, കുപ്പം എന്നിവിടങ്ങളിൽ മണ്ണിന്റെ ഘടന എമ്പാങ്ക്മെന്റ് (ഉയർത്തിയ മൺതിട്ട) നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന് കണ്ട് അവിടെ നിലവിലുള്ള റോഡ് പൊളിച്ചുമാറ്റി ആകാശ പാത (Elevated Flyover) നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി (NHAI) നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതേ ഭൗമശാസ്ത്രപരമായ ഘടനയും സാഹചര്യവുമുള്ള നീലേശ്വരത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിക്കാത്തത് എൻ.എച്ച്.എ.ഐയുടെ ഇരട്ടത്താപ്പാണെന്ന് സമരസമിതി ആരോപിച്ചു.
നീലേശ്വരത്ത് നടത്തിയ സോയിൽ ടെസ്‌റ്റിംഗ് ഡാറ്റ പ്രകാരം, 15 മീറ്റർ ആഴത്തിൽ വരെ ഉറപ്പില്ലാത്ത കളിമണ്ണിന്റെ (loose clayey soil) സാന്നിധ്യമുണ്ട്. കൂറ്റൻ മൺതിട്ടയുടെയും അതിലൂടെ പോകുന്ന ഭാരമേറിയ വാഹനങ്ങളുടെയും സമ്മർദ്ദം താങ്ങാൻ ഇതിനാകില്ല. സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും സമീപത്തെ കെട്ടിടങ്ങൾക്കും ഇത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. അതിനാൽ ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നീലേശ്വരത്തും ഫ്ലൈഓവർ നിർമ്മിക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം.
സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കോൺവെൻ്റ് ജംഗ്ഷനിൽ നിന്നും മാർക്കറ്റിലേക്ക് വിളമ്പര ജാഥ നടത്തും. ആവശ്യങ്ങൾ അംഗീകരിച്ച് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിന്റെ 130-ാം ദിവസമായ ജൂലൈ 30-ന് കണ്ണൂർ എൻ.എച്ച്.എ.ഐ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ജനകീയ സമരസമിതി ചെയർമാൻ ശ്രീനാഥ് ശശി ടി.സി.വി, ജനറൽ കൺവീനർ ഡി. രാജൻ, ട്രഷറർ മഹമ്മൂദ് കോട്ടായി, വൈസ് ചെയർമാൻ ജയരാജൻ കെ.പി, കൺവീനർ പ്രകാശൻ കൊട്ടറ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജു പി. (റിട്ട. എസ്.പി.), കൈപ്പാട്ടിൽ വിജയൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
No comments