ഡോക്ടർ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, മകന് ഗുരുതര പരിക്ക്, പുറത്തുനിന്നാരും വന്നതായി സൂചനയില്ല; ഭാര്യ കസ്റ്റഡിയിൽ
ധാർവാഡിലെ അതീവ സുരക്ഷയുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവ സമയത്ത് പുറത്തുനിന്ന് ആരും ഫ്ലാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്ന് ഹുബ്ലി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ അറിയിച്ചത്. സംഭവ സമയത്ത് ഡോ. കിരൺ, ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും പൊലീസ് അറിയിച്ചു. കുടുംബ വഴക്കാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഡോ. കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്ലാറ്റിലെ രണ്ട് മുറികളിലായാണ് ഡോക്ടറുടെ മൃതദേഹവും പരിക്കേറ്റ കുട്ടിയും ഉണ്ടായിരുന്നത്.
No comments