Breaking News

മഴയും പുഴയും ചൂട് ചായയും... ഗാന്ധി ഭവൻ അച്ഛനമ്മമാരുടെ കുഞ്ഞ് ആഗ്രഹം സഫലമാക്കി കല്ലൻച്ചിറയിലെ ഓട്ടോ ഡ്രൈവർമാർ


വെള്ളരിക്കുണ്ട്: ജീവിതത്തിന്റെ സായാഹ്നത്തിൽ കഴിയുന്നവർക്ക് ഏറ്റവും വലിയ സന്തോഷം പലപ്പോഴും ചെറിയ ചില ആഗ്രഹങ്ങൾ സഫലമാകുന്നതിലാണ്. മങ്കയം ഗാന്ധി ഭവനിലെ അച്ഛനമ്മമാരുടെ അത്തരമൊരു കുഞ്ഞ് ആഗ്രഹമാണ് കല്ലൻച്ചിറ ഓട്ടോ റിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർ സ്നേഹപൂർവം യാഥാർഥ്യമാക്കിയത്.

ഗാന്ധി ഭവനിലേക്ക് പതിവായി ഓട്ടം പോകുന്ന കല്ലൻച്ചിറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഹാരിസ് ടി.പിയോടാണ് ഒരു അന്തേവാസി തന്റെ മനസ്സിലെ ആഗ്രഹം പങ്കുവെച്ചത്. "ഇടക്കൊന്ന് പുറത്തുപോകണം... മഴയും പുഴയും കാണണം... ഒരു ചൂട് ചായ കുടിക്കണം..." എന്ന ആ വാക്കുകൾ ഹാരിസിന്റെ മനസ്സിൽ തട്ടുകയായിരുന്നു. അദ്ദേഹം ഉടൻ തന്നെ സഹപ്രവർത്തകരായ അഷറഫ്, ഇബ്രാഹിം, വിനയ് എന്നിവരുമായി കാര്യം പങ്കുവെച്ചപ്പോൾ എല്ലാവരും ഒരേ മനസ്സോടെ ആ ആഗ്രഹം നിറവേറ്റാൻ മുന്നിട്ടിറങ്ങി.

ഗാന്ധി ഭവൻ മാനേജർ റൂബിയുടെ പൂർണ പിന്തുണയോടെ പത്തോളം പ്രായമായ അച്ഛനമ്മമാർക്കായി പ്രത്യേക യാത്ര ഒരുക്കി. ഇന്നലെ വൈകുന്നേരം കല്ലൻച്ചിറ ഓട്ടോ റിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർ സ്വന്തം ഓട്ടോറിക്ഷകളുമായി ഗാന്ധി ഭവനിലെത്തി അന്തേവാസികളെയും കൂട്ടി ചിറ്റാരിക്കൽ–കൊല്ലാടയിലേക്ക് യാത്ര തിരിച്ചു.

മഴ നനഞ്ഞ സായാഹ്നത്തിൽ ചിറ്റാരിക്കൽ–കൊല്ലാട പാലത്തിൽ നിന്ന് പുഴയുടെ മനോഹര കാഴ്ചകളും തണുത്ത കാറ്റും ആസ്വദിച്ച അച്ഛനമ്മമാർ പുഴയോരത്തെ തട്ടുകടയിൽ നിന്ന് ചൂട് ചായയും പരിപ്പ് വടയും കഴിച്ച് ഏറെ നേരം സന്തോഷ നിമിഷങ്ങൾ പങ്കിട്ടു. പാട്ടുപാടിയും തമാശകൾ പറഞ്ഞും പഴയ ഓർമ്മകൾ പങ്കുവെച്ചും ആ യാത്ര അവിസ്മരണീയ അനുഭവമായി മാറി.

"നിങ്ങൾക്ക് ഇത് ചെറിയ കാര്യമാകാം. എന്നാൽ ദിവസത്തിന്റെ ഭൂരിഭാഗവും മുറിയിലെ ചുമരുകൾ മാത്രം കണ്ടുകഴിയുന്ന ഞങ്ങൾക്ക് ഈ യാത്രയും ഈ കാഴ്ചകളും ഈ ചൂട് ചായയും വലിയ സന്തോഷമാണ്," എന്ന് വികാരഭരിതരായ അന്തേവാസികൾ പറഞ്ഞു. തങ്ങളുടെ ചെറിയ ആഗ്രഹം സഫലമാക്കിയ ഓട്ടോ ഡ്രൈവർമാർക്ക് അവർ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു.

സ്നേഹവും കരുതലും പങ്കുവെച്ച ഈ മാതൃകാപരമായ യാത്രയിൽ മുൻ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ഖാദർ, സന്ധ്യ ശിവൻ, ആശാ പ്രവർത്തക ലളിത, ഗാന്ധി ഭവൻ മാനേജർ റൂബി, വിജയൻ ബിരിക്കുളം എന്നിവരും അന്തേവാസികൾക്കൊപ്പം പങ്കുചേർന്ന് പിന്തുണ നൽകി.

ചെറിയൊരു യാത്രയിലൂടെ വലിയ സന്തോഷം സമ്മാനിച്ച കല്ലൻച്ചിറയിലെ ഓട്ടോ ഡ്രൈവർമാരുടെ ഈ സ്നേഹപ്രവർത്തി സമൂഹത്തിന് തന്നെ മാതൃകയാകുകയാണ്.


ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് 









No comments