മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസില്‍ പ്രതിയായ ഏബല്‍ അഗസ്റ്റിനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസില്‍ പ്രതിയായ ഏബല്‍ അഗസ്റ്റിനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ കോളേജ് പൊലീസ് രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഏബലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി. ഏബലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
സംഭവത്തില്‍ ഇന്നലെ വിദ്യാര്‍ത്ഥികള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് നടപടിയില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ഒന്നില്‍ കൂടുതല്‍ പരാതി ഉണ്ടായിട്ടും വ്യത്യസ്ത എഫ്ഐആറുകള്‍ ഇടാനോ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനോ ആദ്യം പൊലീസ് തയ്യാറായില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത്. പ്രതിഷേധമുണ്ടായപ്പോള്‍ മാത്രമാണ് മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായതെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ നീതി ഉറപ്പാക്കണമെന്നുമായിരുന്നു ആവശ്യം. ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്.
No comments