വ്യാജ സ്വർണം പണയം വച്ച് പണം തട്ടിയെടുക്കുന്ന റാക്കറ്റിലെ പ്രധാനി പഴയങ്ങാടിയിൽ അറസ്റ്റിൽ
പയ്യന്നൂർ: വ്യാജ സ്വർണം പണയം വച്ച് പണം തട്ടിയെടുക്കുന്ന റാക്കറ്റിലെ പ്രധാനി പഴയങ്ങാടിയിൽ അറസ്റ്റിൽ . ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖയിൽ വ്യാജ സ്വർണ വളകൾ പണയംവെച്ച് 12.68 ലക്ഷം രൂപ തട്ടിയെടുത്ത പഴയങ്ങാടി, മടക്കരയിലെ കപ്പുരയിൽ വീട്ടിൽ ജാഫർ സ്വാദിഖിനെ (43) യാണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എം. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ.കെ. ഷുഹൈബ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഇയാളുടെ വീട്ടിൽ വെച്ചാണ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 23നും മെയ് 16നും ഇടയിലുള്ള നാല് ദിവസങ്ങളിൽ നാല് തവണയായി 16 വ്യാജ സ്വർണ വളകൾ ബാങ്കിൽ പണയം വച്ചാണ് പണം തട്ടിയെടുത്തത്. ആകെ 131.4 ഗ്രാം സ്വർണം എന്ന നിലയിലാണ് സ്വർണം പൂശിയ ആഭരണങ്ങൾ പണയം വച്ച് ബാങ്കിനെ കബളിപ്പിച്ചത്. ബാങ്ക് നടത്തിയ സാധാരണനിലയിലുള്ള പരിശോധനയിൽ രണ്ട് വളകൾ വ്യാജ സ്വർണമാണെന്ന് കണ്ടെത്തി. അത് പണയംവെച്ചത് സ്വാദിഖായിരുന്നു. തുടർന്ന് ഇയാൾ പണയംവെച്ച 14 വളകളും പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് തെളിഞ്ഞത്. സ്പെഷ്യൽ സ്ക്വാഡിനെ വച്ച് പുതിയ അപ്രസ കൊണ്ടുവന്നായിരുന്നു പരിശോധന നടത്തിയത്. തുടർന്ന് മാനേജർ സിൻഷ ബി. നമ്പ്യാർ നൽകിയ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇയാൾ നേരത്തെ പഴയങ്ങാടി കേരള ബാങ്കിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. എന്നാൽ ഇയാൾ വ്യാജ സ്വർണത്തിനൊപ്പം മറ്റൊരു സ്വത്തും പണയംവെച്ചിരുന്നു. സ്വർണം വ്യാജമാണെന്ന് തെളിഞ്ഞതോടെ സ്വത്തിൽ നിന്ന് പണം ഈടാക്കി പ്രശ്നം പരിഹരിച്ചതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. എ.എസ്.ഐമാരായ ആരംഭൻ ഷൈജു, എം.പി പ്രസേനൻ, സീനിയർ സി.പി.ഒ. കെ. ലീന എന്നിവരും സ്വാദിഖിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു
No comments