Breaking News

വടക്കൻ മലബാറിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ; ഉഡുപ്പി–കരിന്തളം ലൈൻ വലിക്കൽ ജില്ലയിൽ പൂർത്തിയായി


കരിന്തളം: വടക്കൻ മലബാറിലെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്ന ഉഡുപ്പി–കരിന്തളം 400 കെവി അന്തർ സംസ്ഥാന പദ്ധതിയുടെ കാസർകോട് ജില്ലയിലെ ലൈൻ വലിക്കൽ ജോലികൾ പൂർത്തിയായി. കർണാടകയിലെ ഉഡുപ്പി മുതൽ ജില്ലാ അതിർത്തി വരെയുള്ള ലൈൻ വലിക്കൽ കൂടി പൂർത്തിയാകുന്നതോടെ പദ്ധതി കമ്മീഷൻ ചെയ്യാനാകും. വരുന്ന സെപ്റ്റംബർ മാസത്തിൽ പദ്ധതി പൂർണ്ണ സജ്ജമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

നിലവിൽ ജില്ലയിൽ ടവറുകളുടെ ഏറ്റവും മുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ആകെയുള്ള 47 കിലോമീറ്റർ ലൈനിൽ ഇനി 12 കിലോമീറ്റർ നീളത്തിൽക്കൂടി കേബിൾ വലിക്കാനുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രവൃത്തികൾ പൂർണ്ണമാകും. കർണാടക അതിർത്തിക്കുള്ളിൽ ടവർ നിർമാണവും ലൈൻ വലിക്കലും ഒരേസമയം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്.

പ്രതീക്ഷിക്കുന്നത് 800 മെഗാവാട്ടിന്റെ വർധനവ്

പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 800 മെഗാവാട്ടിന്റെ വൻ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി കമ്മിയും പരിഹരിക്കാൻ ഇത് സഹായിക്കും. കർണാടക ഉഡുപ്പിലെ തെർമൽ പവർ സ്റ്റേഷനിൽ നിന്നു കാസർകോട് കരിന്തളത്തെ 400 കെവി സബ് സ്റ്റേഷനിലേക്കാണ് വൈദ്യുതി എത്തിക്കുന്നത്. കരിന്തളത്ത് സർക്കാർ പാട്ടത്തിനു നൽകിയ 12 ഏക്കർ സ്ഥലത്ത് സബ് സ്റ്റേഷന്റെ നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നു.

ആകെ 115 കിലോമീറ്റർ നീളമുള്ള ലൈനിൽ 47 കി.മീറ്റർ കാസർകോട് ജില്ലയിലൂടെയും ബാക്കി ഭാഗം കർണാടകയിലൂടെയുമാണ് കടന്നുപോകുന്നത്. ഇതോടൊപ്പം കരിന്തളത്തു നിന്ന് വയനാട്ടിലേക്ക് വൈദ്യുതി എത്തിക്കുന്ന 125 കി.മീറ്റർ നീളമുള്ള മറ്റൊരു ലൈനിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഉൗർജ മന്ത്രാലയത്തിനു കീഴിലുള്ള ആർഇസി ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡ് വഴി സ്റ്റെർലൈറ്റ് പവർ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.


തടസ്സങ്ങൾ ഒഴിഞ്ഞു; വടക്കൻ മേഖലയ്ക്ക് മൈലാട്ടി ലൈൻ നിർണായകം


ലൈൻ കടന്നുപോകുന്ന ഭൂമിക്കും കാർഷിക വിളകൾക്കും കൃത്യമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചതോടെ ഭൂവുടമകളുടെ ഭാഗത്തു നിന്നുണ്ടായിരുന്ന എതിർപ്പുകൾ പൂർണ്ണമായും ഒഴിഞ്ഞിട്ടുണ്ട്. ഇത് നിർമാണ വേഗത കൂട്ടാൻ സഹായകരമായി.

നിലവിൽ അരീക്കോട് നിന്നുള്ള 220 കെവി ലൈനെയും മംഗളൂരു കൊണാജെയിൽ നിന്നുള്ള 110 കെവി ലൈനെയുമാണ് ജില്ല ആശ്രയിക്കുന്നത്. അരീക്കോട് ഫീഡർ തകരാറിലായാൽ ജില്ല ഇരുട്ടിലാകുന്ന അവസ്ഥയാണ്. കർണാടകയിൽ നിന്ന് പരമാവധി 40 മെഗാവാട്ട് വരെ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, ഉഡുപ്പി–കരിന്തളം ലൈൻ പൂർത്തിയായാലും നിലവിൽ പണി നടക്കുന്ന മൈലാട്ടി–വിദ്യാനഗർ മൾട്ടി സർക്കീറ്റ് ലൈൻ കൂടി പൂർത്തിയായാൽ മാത്രമേ ജില്ലയുടെ വടക്കൻ മേഖലയ്ക്ക് ഇതിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു.


No comments