എണ്ണപ്പാറയിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമണം: അന്വേഷണം ഊർജിതമാക്കി സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഓഫീസ് സന്ദർശിച്ചു
രാജപുരം : എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന സിപിഐ എം തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ബിജെപിക്കാർ കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. എ കെ ജി മന്ദിരത്തിന്റെയും മുകളിലത്തെനിലയുള്ള ടി കെ ശ്രീധരൻ സ്മാരക ഹാളിന്റെയും 6 ജനൽചില്ലുകളാണ് തകർത്തത്. ഇതോടൊപ്പം എണ്ണപ്പാറയിലെ സിപിഐ എം കൊടിമരവും, തായന്നൂരിലെ ടിന്പർ തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ ഓഫീസും ആക്രമിച്ചു. തായന്നൂരിൽ ബസ് വെയിറ്റിങ് ഷെഡ്ഡിൽ സ്ഥാപിച്ച ബോർഡുകളും, എണ്ണപ്പാറയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച സിഐടിയു, ഡിവൈഎഫ്ഐ, സിപിഐ എം കൊടിമരങ്ങളും തകർത്തിരുന്നു. സംഭവത്തിന് പിന്നിൽ എണ്ണപ്പാറ സ്വദേശി വിശാൽ (23) തോണിക്കല്ല് സ്വദേശി അഭിനവ് (25) എന്നിവരാണ് ഇവരെ റിമാൻഡുചെയ്തു. കൂടുതൽപേർക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തകർക്കപ്പെട്ട ലോക്കൽ കമ്മിറ്റി ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഓഫീസ് സന്ദർശിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്ണൻ, ഷാലു മാത്യു എന്നിവർ കൂടെയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കൂടുതൽപേർ പിന്നിലുണ്ടോയെന്ന അന്വേഷണവും ഉണ്ടാകണമെന്നും എം രാജഗോപാലൻ ആവശ്യപ്പെട്ടു.
No comments