കാസറഗോഡ് ആസ്റ്റർ മിംസിൽ പ്രത്യേക ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു
കാസർഗോഡ്: തലയിലെയും കഴുത്തിലെയും അർബുദബാധിതർക്ക് സമഗ്രമായ വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനായി കാസറഗോഡ് ആസ്റ്റർ മിംസ് ആശുപത്രിയിൽ അത്യാധുനിക ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രത്യേക വിഭാഗത്തിന്റെ ഉദ്ഘാടനം ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ഷോൺ .ടി. ജോസഫ് നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുധീർ ബാസുരി, സി.എം.എസ് ആൻറ് ക്രിറ്റിക്കൽ കെയർ മേധാവി ഡോ. സാജിദ് സലാഹുദ്ദീൻ, സർജിക്കൽ ഓങ്കോളജി അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ. അരവിന്ദ് .എൻ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ.സൗരഭ് പദ്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
കാൻസർ പരിചരണ രംഗത്തെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമാണ് ആശുപത്രി അധികൃതർ സജ്ജീകരിച്ചിരിക്കുന്നത്. രോഗനിർണയം മുതൽ പുനരധിവാസം വരെയുള്ള എല്ലാ ഘട്ടങ്ങളും ഉൾപ്പെടുന്ന സമഗ്രമായ വിദഗ്ധ പരിചരണമാണ് പുതുതായി ആരംഭിച്ച ഓങ്കോളജി വിഭാഗത്തിൽ ലഭിക്കുക. ഇതോടെ സങ്കീർണ്ണമായ ക്യാൻസർ ചികിത്സകൾക്കായി രോഗികൾക്ക് മറ്റ് ജില്ലകളെയോ അയൽ സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പൂർണ്ണ പരിഹാരമാകും.
വായിലെയും സ്വനപേടകത്തിലെയും അർബുദം, തൈറോയ്ഡ്, ഉമിനീർ ഗ്രന്ഥികളിലെ (പരോട്ടിഡ്) മുഴകൾ എന്നിവയ്ക്കുള്ള സങ്കീർണ്ണ ശസ്ത്രക്രിയകളും ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗത്തിൽ ലഭ്യമാണ്. കൂടാതെ രോഗബാധിത ഭാഗങ്ങൾ നീക്കം ചെയ്തതിന് ശേഷം പൂർണ്ണമായ രൂപഭംഗിയും പ്രവർത്തനക്ഷമതയും വീണ്ടെടുക്കാൻ സഹായിക്കുന്ന അത്യാധുനിക പുനർനിർമാണ ശസ്ത്രക്രിയകളും രോഗത്തിന്റെ തീവ്രതയനുസരിച്ചുള്ള റാഡിക്കൽ സെലക്ടീവ് നെക്ക് ഡിസെക്ഷൻ ഉൾപ്പെടെയുള്ള വിപുലമായ ചികിത്സകളും ഈ പ്രത്യേക ഓങ്കോളജി വിഭാഗത്തിന്റെ സവിശേഷതകളാണ്.
തലയിലെയും കഴുത്തിലെയും അർബുദ രോഗികളുടെ എണ്ണത്തിൽ സമീപകാലത്തുണ്ടാകുന്ന വർധനവ് ഗൗരവമേറിയതാണെന്ന് ഒങ്കോളജി വിഭാഗം മേധാവി ഡോ. ഷോൺ ടി. ജോസഫ് വ്യക്തമാക്കി. രോഗം പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും ചികിത്സ സങ്കീർണ്ണമാക്കുന്നത്. അത്യാധുനിക പരിശോധനകളിലൂടെ രോഗം മുൻകൂട്ടി കണ്ടെത്തി കൃത്യമായ ശസ്ത്രക്രിയകളും തുടർചികിത്സകളും നൽകി രോഗമുക്തി നിരക്ക് ഉയർത്തുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No comments