Breaking News

പരാതികൾ നേരിട്ട് കേട്ട് പരിഹാരവാഗ്ദാനവുമായി കലക്ടർ; മാലോം പുല്ലൊടിയിൽ പരാതി പരിഹാര അദാലത്തും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കാസർകോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ബളാൽ ഗ്രാമപഞ്ചായത്തിന്റെയും പുല്ലൊടി അങ്കണവാടിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോത്രവർധൻ പദ്ധതിയുടെ ഭാഗമായി മാലോം പുല്ലൊടി സെന്റ് അൽഫോൻസ പള്ളി പരിസരത്ത് പരാതി പരിഹാര അദാലത്തും ആയുർവേദ മെഡിക്കൽ ക്യാംപും നേത്രരോഗ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു.

പരിപാടി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സിവിൽ ജഡ്ജി എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് ജഡ്ജി പി. എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

കർണാടക–കേരള വനാതിർത്തിയോട് ചേർന്നുള്ള വന്യമൃഗശല്യം രൂക്ഷമായ പുല്ലൊടി പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു പരാതി പരിഹാര അദാലത്തും മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടർ നേരിട്ട് ഉദ്ഘാടകനായി എത്തിയതോടെ പ്രദേശവാസികൾ വിവിധ പരാതികളും നിവേദനങ്ങളുമായി അദ്ദേഹത്തെ സമീപിച്ചു. ഓരോ പരാതിയും അനുഭാവപൂർവം കേട്ട കലക്ടർ, സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. പരാതികൾ സമർപ്പിച്ചതിന് ശേഷം കലക്ടറോടൊപ്പം നാട്ടുകാർ ഫോട്ടോ എടുത്തതും ചടങ്ങിന്റെ ശ്രദ്ധേയമായ കാഴ്ചയായി.ചടങ്ങിൽ അംഗൻവാടിക്ക് വേണ്ടി സ്ഥലം വിട്ടുകൊടുത്ത മുല്ലശേരി കുഞ്ഞമ്പു നായരെ കളക്ടർ ഷാൾ അണിയിച്ചു ആദരിച്ചു.കലക്ടർ സമീപത്തെ പുല്ലൊടി അങ്കണവാടിയും സന്ദർശിച്ചു.

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എ. സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ചാക്കോ, വാർഡ് അംഗങ്ങളായ ധന്യ സി., മിനി ആന്റണി, ലക്ഷ്മി സി., വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.ഐ. ശ്രീഹരി കെ.പി., സെന്റ് അൽഫോൻസാ ചർച്ച് വികാരി ഫാ. ജിന്റോ പാണാക്കുഴിയിൽ, ഡോ. ദിലീപ് (ജി.എ.ഡി. മാലോം), സന്തോഷ് പാലായി (പി.ആർ.ഒ., പയ്യന്നൂർ ഐ ഫൗണ്ടേഷൻ), മനോഹരൻ മുല്ലശ്ശേരി (എ.ഐ.എം.സി. പ്രസിഡന്റ്, പുല്ലൊടി) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അങ്കണവാടി അധ്യാപിക ലക്ഷ്മിക്കുട്ടി എം. നന്ദി രേഖപ്പെടുത്തി.

No comments