നൂതന റോബോട്ടിക് സാങ്കേതികവിദ്യയുമായി കാസർഗോഡ് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ
കാസറഗോഡ്: വടക്കൻ മലബാറിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ പുതിയ ചികിത്സാ മുന്നേറ്റത്തിന് തുടക്കമിട്ട് കാസറഗോഡ് ആസ്റ്റർ മിംസ്. കാസർഗോഡ് ജില്ലയിൽ ആദ്യമായിട്ടാണ് ഒരു ആശുപത്രി അത്യാധുനിക കോറി റോബോട്ടിക് സാങ്കതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നത്. ചികിത്സാ രംഗത്തെ ഈ സുപ്രധാന നേട്ടത്തെക്കുറിച്ച് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷബീർ ഖാസിം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുധീർ ബാസുരി തുടങ്ങി വിദഗ്ധ ഡോക്ടർമാരായ ഡോ. ദീക്ഷിത് ഷെട്ടി, ഡോ. അഭിരാം കൃഷ്ണൻ, ഡോ. അമീൻ ഗുൽഷൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
സാധാരണ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളെ അപേക്ഷിച്ച് സങ്കീർണ്ണതകളും ബുദ്ധിമുട്ടുകളും കുറക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് കോറി റോബോട്ടിക് ശസ്ത്രക്രിയ. തികഞ്ഞ കൃത്യതയോടെയുള്ള ശസ്ത്രക്രിയയായതിനാൽ പേശികൾക്കും കോശങ്ങൾക്കും ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാനും ഇതിലൂടെ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം നാലാം മണിക്കൂറിൽ രോഗിക്ക് നടക്കാൻ സാധിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയയിലെ കൃത്യത വർദ്ധിപ്പിക്കാനും കൂടുതൽ മികച്ച ഫലം രോഗികൾക്ക് നൽകാനും നൂതന റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും വേദനരഹിതമായ ചികിത്സയും വേഗത്തിലുള്ള രോഗമുക്തിയും ഉറപ്പാക്കുന്ന ഈ സംവിധാനം വിജയകരമായി അവതരിപ്പിക്കാൻ കഴിഞ്ഞത് ആശുപത്രിയുടെ വലിയ നേട്ടമാണ് എന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷബീർ കാസ്സിം പറഞ്ഞു.
കടുത്ത സന്ധിവാതവും സങ്കീർണ്ണമായ കാൽമുട്ട് വൈകല്യങ്ങളും മൂലം കഠിനമായ വേദന അനുഭവിക്കുന്നവർക്ക് ഈ റോബോട്ടിക് സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്. ഓരോ രോഗിയുടെയും കാൽമുട്ടിന്റെ സവിശേഷമായ ഘടന കൃത്യമായി വിശകലനം ചെയ്ത് മില്ലീമീറ്റർ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ ഈ സംവിധാനം പ്രയോജനകരമാണ്. കൂടാതെ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന കൃത്രിമ സന്ധികൾ ഏറ്റവും അനുയോജ്യമായ സ്ഥാനത്ത് കൃത്യതയോടെ ഉറപ്പാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത്തരത്തിൽ കൃത്യമായ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നത് സന്ധിയുടെ തേയ്മാനം പരമാവധി കുറയ്ക്കുകയും കൃത്രിമ സന്ധികളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചലനങ്ങൾ സുഖമമാക്കുകയും ചെയ്യും.
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ കാസറഗോഡ് മേഖലയിലെ ജനങ്ങൾക്ക് പ്രാപ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും ഈ നേട്ടം ആശുപത്രിയുടെ ചികിത്സാ മികവിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും കാസർഗോഡ് ആസ്റ്റർ മിംസ് സി.ഒ.ഒ സുധീർ ബാസുരി വ്യക്തമാക്കി.
മേഖലയിലെ ജനങ്ങൾക്ക് വിദഗ്ധ പരിചരണവും നൂതന ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ കാസർഗോഡ് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ വഹിക്കുന്ന നിർണ്ണായക പങ്ക് ഈ നേട്ടത്തോടെ ഒന്നുകൂടി വ്യക്തമാവുകയാണെന്ന് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ടന്റ് ഡോ. സാജിദ് സലാഹുദീൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യകളും വിദഗ്ധ പരിചരണവും ജനങ്ങൾക്ക് ഉറപ്പാക്കാൻ ആശുപത്രി നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഉദാഹരണമാണ് ഈ നേട്ടം. പുതിയ റോബോട്ടിക് സാങ്കേതികവിദ്യ ലഭ്യമായതോടെ സങ്കീർണ്ണമായ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി രോഗികൾക്ക് ദൂരയാത്രകൾ ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാകും. വരുംദിവസങ്ങളിലും കൂടുതൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ മേഖലയിലെ ജനങ്ങൾക്ക് പ്രാദേശികമായി ലഭ്യമാക്കാനാണ് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ മാനേജ്മെന്റ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി +91 70345 34529
No comments