ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ 'കൈ'വിട്ടു
കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.
പിന്നാലെ അവിശ്വാസ പ്രമേയത്തെ അംഗീകരിക്കുന്നതായി ദിയ പ്രതികരിച്ചു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണെന്നും ദിയ പറഞ്ഞു.
'ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, മൂല്യങ്ങളാണ്', ദിയ പ്രസ്താവനയിൽ പറഞ്ഞു.
പദവികൾ വരും, പോകും. എന്നാൽ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് താൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുകയെന്നും പാലായിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ദിയ വ്യക്തമാക്കി.
No comments