Breaking News

പാണത്തൂർ കല്ലപ്പള്ളി കമ്മാടിയിലെ ചന്ദ്രഗിരി എസ്റ്റേറ്റിൽ ഇക്കോ ടൂറിസം പദ്ധതിയുമായി ബിഎൽഎം സൊസൈറ്റി


പാണത്തൂർ : പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി കമ്മാടിയിൽ കാടുപിടിച്ച് കിടക്കുന്ന ചന്ദ്രഗിരി എസ്റ്റേറ്റിൽ ഇക്കോ ടൂറിസം പദ്ധതിയുമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎൽഎം സൊസൈറ്റി. 100 ഏക്കർ സ്ഥലത്താണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. പഞ്ചായത്തംഗം ഭവ്യ ജയരാജ്, വനംവകുപ്പ് പനത്തടി സെക്‌ഷൻ ഫോറസ്റ്റർ എം.പി.രാജു, സൊസൈറ്റി അധികൃതർ, നാട്ടുകാർ എന്നിവർ പ്രവൃത്തി ഉദ്ഘാടനത്തിൽ സംബന്ധിച്ചു. തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ടൂറിസം മേഖലയിൽ ഉൾപ്പെടെ നിരവധി സംരംഭങ്ങളുള്ള ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വില്ലകൾ, കോട്ടേജുകൾ, ആയുർവേദ സ്പാ, യോഗ സെന്റർ, കൃത്രിമ തടാകം, ട്രെക്കിങ്, പശു, ആട്, വളർത്തൽ കേന്ദ്രം, ഫാം ടൂറിസം, റസ്റ്ററന്റ് തുടങ്ങിയവ ഉൾപ്പെടുന്ന കേന്ദ്രമാണ് കമ്മാടിയിൽ തയാറാകുന്നതെന്ന് സൊസൈറ്റി ചെയർമാൻ തിരുവനന്തപുരം സ്വദേശി ആർ.പ്രേംകുമാർ പറഞ്ഞു.

കമ്മാടിയിൽ 100 ഏക്കറിലധികം വരുന്ന ചന്ദ്രഗിരി സ്വകാര്യ‌ എസ്റ്റേറ്റ് വർഷങ്ങളായി കൃഷി ചെയ്യാതെ കാട് പിടിച്ച് വനം പോലെയാണുള്ളത്. വനാതിർത്തിയോട് ചേർന്നു കിടക്കുന്നതിനാൽ വനത്തിൽ നിന്നും പുറത്തിറങ്ങുന്ന വന്യമൃഗങ്ങൾ തിരികെ വനത്തിനകത്ത് പോകാതെ സ്വകാര്യ ഭൂമിയിൽ തമ്പടിക്കുന്നതിനാൽ ചുറ്റിലുമുള്ള ജനവാസ കേന്ദ്രത്തിൽ വന്യമൃഗങ്ങളെത്തി കൃഷിനാശം വരുത്തുന്നത് പതിവാണ്. ഇവിടെ ടൂറിസം കേന്ദ്രം വരുന്നത് വന്യമൃഗശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


No comments