Breaking News

പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


പയ്യന്നൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . മാലൂർ കുണ്ടേരിപൊയിൽ വയൽ ഹൗസിൽ അശ്വന്ത് (26) ആണ് പിടിയിലായത്. കണ്ണൂർ റൂറൽ എസ്.പി: ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പയ്യന്നൂർ എസ്.ഐ. ഷർഫുദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് കുണ്ടേരിപൊയിലിലെ ഒളിത്താവളത്തിൽ വച്ച് ഇന്നലെ (ചൊവ്വ)രാത്രിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. സംഭവത്തിൽ നേരിട്ട് പങ്കാളിയായ ആളാണ് അശ്വന്ത് എന്ന് പൊലീസ് പറഞ്ഞു. സജീവ സി.പി.എം പ്രവർത്തകനാണ് ഇയാൾ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ കുണ്ടേരിപൊയിലിൽ കള്ളവോട്ട് തടഞ്ഞ വിരോധത്തിന് യു.ഡി.എഫ് ബൂത്ത് ഏജന്റിനെ മർദിച്ച കേസിൽ പ്രതിയായിരുന്നു. കേസിൽ കഴിഞ്ഞ 13ന് കീച്ചേരി പാറക്കടവ് സ്വദേശി പയ്യൻ ഹൗസിൽ സനു സന്തോഷിനെ (42) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ബി.ജെ.പി പ്രവർത്തകനാണ്. ക്വട്ടേഷൻ സംഘമാണ് ജ്വല്ലറി ഉടമയെയും കുടുംബത്തെയും അക്രമിച്ച് കൊള്ള നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. തലശേരിയിൽ സ്വർണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയ സംഘം എടാട്ട് കാർ തടഞ്ഞ് അതിലുണ്ടായിരുന്നവരെ ആക്രമിച്ചു കാർ പിലാത്തറയിലേക്ക് തട്ടിക്കൊണ്ടുപോയി 25 ഗ്രാം സ്വർണവും 55 ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു പരാതി. കേസിലെ മറ്റു പ്രതികളെയെല്ലാം അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

No comments