അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തുന്നത് തടയാൻ എത്തിയ എസ്ഐയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് എട്ടുപേർക്കെതിരെ കേസെടുത്തു...
കാസർകോട്: പള്ളിക്കരയിലെ സ്കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തുന്നത് തടയാൻ എത്തിയ എസ്ഐയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് എട്ടുപേർക്കെതിരെ കേസെടുത്തു. അഞ്ചുപേർ പിടിയിലായി. റേസിങിന് ഉപയോഗിച്ച കാറുകളും പൊലീസിന്റെ കസ്റ്റഡിയിലാണ്. പി അബ്ദുൽ ഖാദർ, മുഹമ്മദ് സിറാജ്, ഇസ്തിയാഖ് മഹമൂദ്, മുഹമ്മദ് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ബേക്കൽ സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ പ്രൻസ് ജോൺ(27), സിപിഒമാരായ അർജുൻ(29), കൃഷ്ണനുണ്ണി(39) എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസുകാരെ സംഘം ചേർന്ന് അക്രമിച്ചതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ചീത്തവിളിച്ചതിനും കാർ റേസിങ് നടത്തിയവർക്കെതിരേ കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് കാർ റേസിങ് അരങ്ങേറിയത്. സ്കൂൾ വിട്ടു മടങ്ങുന്ന സമയത്ത് അനുമതിയില്ലാതെ മൈതാനത്ത് അപകടമായ രീതിയിൽ ആറ് കാറുകൾ ഉപയോഗിച്ച് റേസിങ് നടത്തുകയായിരുന്നു ഒരു സംഘം ആളുകൾ. അമിതവേഗത്തിലും അപകടകരമായ തരത്തിലും റേസിങ് പ്രകടനം കണ്ട നാട്ടുകാരും സ്കൂൾ അധികൃതരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ പ്രിൻസ് ജോൺ റേസിങ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന ചിലർ വാക്കേറ്റവും ആക്രമണവും തുടങ്ങി. കയ്യേറ്റം നടത്തി സംഘം ചേർന്ന് പൊലീസുകാരെ തടഞ്ഞുവച്ചു. വിവരമറിഞ്ഞ് ഇൻസ്പെക്ടർ എംകെ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. റേസിങ് നടത്തിയവരോട് കോംപൗണ്ടിന് പുറത്ത് പോകാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടപ്പോൾ, കാറിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ തട്ടിക്കയറികയും പൊലീസുകാരെ തള്ളിയിട്ട് അസഭ്യഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഒരാൾ എസ്ഐ പ്രിൻസ് ജോണിന്റെ കയ്യിൽ താക്കോലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാരായ അർജുൻ, കൃഷ്ണനുണ്ണി എന്നിവരെയും സംഘം അക്രമിച്ചു. ഒടുവിൽ ബലംപ്രയോഗിച്ച് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. പ്രതികളുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി. എട്ടുപേരാണ് കാർ റേസിങിൽ പെങ്കെടുത്തതെന്നു പൊലീസ് പറഞ്ഞു.
No comments