പൂടംകല്ല്-ബളാൽ റോഡിൽ മണിക്കല്ലിൽ പാലം നിർമാണം: 5 കോടിയുടെ ഭരണാനുമതി
രാജപുരം : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പൂടംകല്ല് ബളാൽ റോഡിൽ മണിക്കല്ലിൽ പാലം നിർമാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി. 2024- 25 സംസ്ഥാന ബജറ്റിൽ അന്നത്തെ എംഎൽഎ ഇ.ചന്ദ്രശേഖരന്റെ നിർദേശപ്രകാരം പാലം നിർമാണത്തിന് തുക വകയിരുത്തുകയും പരിശോധനാ നടപടികൾ പൂർത്തിയാക്കി ഡിസൈൻ തയാറാക്കുകയും ചെയ്തിരുന്നു. പാലത്തിന് 37.50 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ടാകും. 12.50 മീറ്റർ വീതമുള്ള 3 സ്പാനുകളിലാണ് നിർമാണം. കാൽനട യാത്രയ്ക്കായി ഇരുവശങ്ങളിലുമായി ഫുട്പാത്ത് ഒരുക്കും.
പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി അപ്രോച്ച് റോഡും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതോടെ പനത്തടി, കള്ളാർ പഞ്ചായത്തുകളിൽനിന്നു ബളാൽ, വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. സാങ്കേതികാനുമതിയും, ടെൻഡർ നടപടികളും വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ അറിയിച്ചു.
No comments