വെള്ളരിക്കുണ്ട് ടൗണിൽ മിനി ഹൈമാസ്റ്റ് തെളിഞ്ഞെങ്കിലും പ്രധാന ഹൈമാസ്റ്റ് ഇപ്പോഴും ഇരുട്ടിൽ; ദീർഘദൂര ബസ് യാത്രക്കാരെ പുലർച്ചെ വരവേൽക്കുന്നത് കൂരിരുട്ടും തെരുവ് നായകളും
വെള്ളരിക്കുണ്ട് : ടൗണിലെ പോസ്റ്റ് ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരുന്ന മിനി ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനക്ഷമമായി. ഗ്യാരണ്ടി കാലാവധിക്കുള്ളിലായിരുന്നതിനാൽ വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് കമ്പനിയെ വിവരം അറിയിക്കുകയും തുടർന്ന് കമ്പനിയുടെ സാങ്കേതിക പ്രവർത്തകർ സ്ഥലത്തെത്തി തകരാർ പരിഹരിച്ച് ലൈറ്റ് വീണ്ടും തെളിയിക്കുകയുമായിരുന്നു.
അതേസമയം, വെള്ളരിക്കുണ്ട്–കൊന്നക്കാട് ജംഗ്ഷനിലെ വലിയ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രവർത്തനരഹിതമായി തുടരുകയാണ്. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാൽ സൗജന്യമായി അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഇവിടെ രാത്രിയായാൽ കനത്ത ഇരുട്ടാണ് അനുഭവപ്പെടുന്നത്. പുലർച്ചെ ദീർഘദൂര ബസുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ കൂരിരുട്ടും തെരുവ് നായകളുടെ ശല്യവും വരവേൽക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വലിയ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കാൻ ഏകദേശം ₹50,000 ചെലവ് വരുമെന്നാണ് പരിശോധന നടത്തിയ ടെക്നീഷ്യൻമാർ അറിയിച്ചത്.
പഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കാത്ത പക്ഷം വ്യാപാരികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, പൊതുജനങ്ങൾ എന്നിവർ ചേർന്ന് ഫണ്ട് സ്വരൂപിച്ച് ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രകാശിപ്പിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ തയ്യാറാണെന്ന് വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് അറിയിച്ചു.
ബളാൽ പഞ്ചായത്തിന് ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കുന്ന താലൂക്ക് ആസ്ഥാന ടൗണിന്റെ പ്രധാന ഭാഗം വർഷങ്ങളായി ഇരുട്ടിലായിരിക്കെ, വലിയ ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments