എൽ പി ജി ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഇനി ദിവസങ്ങൾ മാത്രം, ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡിയില്ല, ഓൺലൈനായി എങ്ങനെ ചെയ്യാം?
നമ്മുടെ അടുക്കളകളിൽ വളരെ സാധാരണമായി കണ്ടു വരുന്ന, അത്യന്താപേക്ഷിതമായ ഒന്നാണ് എൽ പി ജി സിലിണ്ടറുകൾ. സാധാരണക്കാരുടെ അടുക്കളകളിൽ ഏറ്റവും വലിയ ചെലവ് വരുന്ന ഒരു ബിൽ കൂടിയാണ് എൽ പി ജിയുടേത്. ഈ ഓഗസ്റ്റ് 16 നകം ഇ-കെ വൈ സി പൂർത്തിയാക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇ- കെ വൈ സി പൂർത്തിയാക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യങ്ങൾ നഷ്ടമാകുകയും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ നിരക്കിൽ വാങ്ങേണ്ടി വരികയും ചെയ്തേക്കാം. ഇതിനായി ഓഗസ്റ്റ് 16 വരെ മാത്രമാണ് സമയമുള്ളത് എന്ന് കാണിച്ച് ഇൻഡേൻ ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്.
ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് 'IndianOil ONE' മൊബൈൽ ആപ്പ് വഴിയോ, ഡിസ്ട്രിബ്യൂട്ടർ ഏജൻസി സന്ദർശിച്ചോ, സിലിണ്ടർ വിതരണത്തിന് എത്തുന്ന ഡെലിവറി ജീവനക്കാർ മുഖേനെയോ ഇത് പൂർത്തിയാക്കാവുന്നതാണ്. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി ചെയ്യാം. ഇതിനുള്ള ഘട്ടങ്ങൾ നോക്കാം.
- ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
- ലോഗിൻ ചെയ്യുക: അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിലേക്ക് പ്രവേശിക്കുക.
- ഒടിപി വെരിഫിക്കേഷൻ: രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) നൽകി വിവരങ്ങൾ ഉറപ്പുവരുത്തുക.
- അക്കൗണ്ട് ലിങ്ക് ചെയ്യുക: ഇൻഡേൻ ഉപഭോക്താക്കൾ തങ്ങളുടെ 16 അക്ക എൽപിജി ഐഡി (LPG ID) നൽകി അക്കൗണ്ട് ബന്ധിപ്പിക്കുക. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ആപ്പുകളിൽ ഇതിനുള്ള ഓപ്ഷൻ നേരിട്ട് ലഭ്യമാണ്.
- ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പെർമിഷൻ നൽകുക: നിബന്ധനകൾ അംഗീകരിച്ച ശേഷം ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷനായി (Face Authentication) പെർമിഷൻ നൽകുക.
- ഫെയ്സ് സ്കാനിംഗ് നടത്തുക:'AadhaarFaceRD' ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാകും.
No comments