പടന്നക്കാട്, നീലേശ്വരം റെയിൽവേ മേൽപാലങ്ങളിൽ "പാതാളക്കുഴികൾ’
കാഞ്ഞങ്ങാട് : ദേശീയപാതയിലെ പടന്നക്കാട് മേൽപാലം, നീലേശ്വരം- ചിറ്റാരിക്കാൽ റേഡിലെ നീലേശ്വരം മേൽപാലം എന്നിവിടങ്ങളിൽ ആഴറേിയ കുഴികൾ. ഇതുമൂലം പാതകളിൽ ഗതാതക്കുരുക്കും വാഹനാപകടങ്ങളും പതിവായി. മഴ മാറിയപ്പോഴാണ് ദേശീയപാത അധികൃതരുടെ നിർദേശപ്രകാരം നിർമാണ കരാറുകാർ മെറ്റലും ടാറുമിട്ട് കുഴികളടച്ചത്. പിന്നെ ഏതാനും മാസങ്ങൾ കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. വീണ്ടും മഴ വന്നപ്പോഴേക്കും മേൽപാലത്തിനു മുകളിൽ പിന്നെയും കുഴികൾ നിറഞ്ഞു. ടാറിങ് അടർന്ന് രൂപംകൊണ്ട കുഴികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആഴമേറിയ വെള്ളക്കെട്ടുകളായി. കഴിഞ്ഞ ദിവസം നിർമാണകരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചറിന്റെ തൊഴിലാളികളെത്തി ഏതാനും കുഴികളിൽ മെറ്റലും സിമന്റ് മിശ്രിതവും നിറച്ച് നികത്തിയിരുന്നു. ശാശ്വത പരിഹാരം വേണമെന്നാണ് ബസ്തൊഴിലാളികളുടെയും വാഹനയാത്രക്കാരുടെയും ആവശ്യം. മേൽപാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളിലെ ലോഹപാളികളും അങ്ങിങ്ങ് ഇളകിക്കിടക്കുന്നുണ്ട്. ഇതുമൂലം പാലത്തിന്റെ ഉറപ്പിന് ഭീഷണിയൊന്നുമില്ലെങ്കിലും ചെറുവാഹനങ്ങൾക്ക് അപകടമാണ്. ഇരുചക്രവാഹനങ്ങൾക്കാണ് വലിയ ദുരിതം.നീലേശ്വരത്തുനിന്ന് ചിറ്റാരിക്കാൽ കൊന്നക്കാട് ഭാഗത്തേക്കുപോകുന്ന നീലേശ്വരം റെയിൽവേ മേൽപാലത്തിന്റെ സ്ഥിതിയും ഭിന്നമല്ല. റെയിൽവേ മേൽപാലങ്ങളിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മോട്ടോർ ട്രാൻസ്പോർട് എംപ്ലോയീസ് യുണിയൻ (സിഐടിയു) ഹോസ്ദുർഗ് ഡിവിഷൻ പ്രസിഡന്റ് കെ വിരാഘവനും സെക്രട്ടറി സി വി ശശിധരനും അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
No comments