Breaking News

വലിയപറമ്പ തീരം അശാന്തിയിൽ കടൽ കര കവർന്നെടുക്കുന്നു



വലിയപറമ്പ് : ഒരു മാസമായി തുടരുന്ന കടലാക്രമണത്തിന് ശമനമില്ലാതെ വലിയപറമ്പിന്റെ തീരം അശാന്തിയിൽ. കരയില്ലാതാവുമോ എന്ന ആശങ്കയിലാണ് തീരദേശവാസികൾ. മാവിലാക്കടപ്പുറത്ത് പുലിമുട്ടിനോടുചേർന്നുള്ള തീരമാണ് പൂർണമായും ഇല്ലാതായത്. കഴിഞ്ഞ രണ്ട് ദിവസം കള്ളകടൽ പ്രതിഭാസ മുന്നറിയിപ്പ് ഉണ്ടായതിനു പിന്നാലെയാണ് തീരവും കടലെടുത്തത്. ഒരു മാസമായി തുടരുന്ന ശക്തമായ കുത്തൊഴുക്കിൽ ഒരിയര പുലിമുട്ടുമുതൽ തെക്കോട്ട് ഒരു കിലോമീറ്റർ ദൂരത്തിൽ കടൽ നാശം വിതച്ചു. 50 മീറ്ററോളം കര കടലെടുത്തു. ഫുട്ബോൾ മൈതാനവും ഒരിയര വിഷ്ണുമൂർത്തി
ക്ഷേത്രത്തിന്റെ ഭാഗമായുള്ള ബലി തർപ്പണ മതിൽകെട്ടും കടലിന്റെ ഭാഗമായി. സ്വകാര്യ വ്യക്തികളുടെ നൂറിലേറെ തെങ്ങുകളും നഷ്ടമായിട്ടുണ്ട്. ഒരോ കാലവർഷം എത്തുമ്പോഴും കരയുടെ ചെറിയ ഭാഗം കടലെടുക്കാറുണ്ടെങ്കിലും കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഇത്രയും ഭയാനകമായ അവസ്ഥയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വലിയ നഷ്ടമാണ് സംഭവിച്ചത്. നിർദിഷ്ട തീരദേശ ഹൈവേക്കായി അതിരുനിശ്ചയിച്ച കുറ്റികളും തീരദേശ റോഡും ഇല്ലാതായി. ഹാർബറിലേക്ക് ബോട്ടുകൾ സുഖമമായി കടന്നുപോകുന്നതിന് അഴിമുഖത്ത് ഇരുകരകളിലായും ഒരു കിലോമീറ്റർ നീളത്തിൽ നിർമിച്ച പുലിമുട്ട് തെക്ക് ഭാഗത്തേക്കുകൂടി വർധിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തീരങ്ങളിൽ കടൽഭിത്തി നിർമിക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലുകൾക്ക് തുടർച്ചവേണമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കടലാക്രമത്തിൽ സ്വകാര്യ പാർക്കിനോട് ചേർന്നുള്ള പ്രദേശംതന്നെ ഇല്ലാതായി. മുപ്പതിലേറെ തെങ്ങുകൾ കടലെടുത്തു.

No comments