Breaking News

പാണത്തൂർ എഫ്.എച്ച്.സിയിൽ ഈ മാസം മുഴുവൻ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി ഡി.എം.ഒ ഉത്തരവ്


പാണത്തൂർ: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒപി നിർത്തലാക്കിയതിനെതിരെ ഉയർന്ന ശക്തമായ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ ഡി.എം.ഒയുടെ നിർണായക ഇടപെടൽ. ഈ മാസം 31 വരെ പാണത്തൂർ എഫ്.എച്ച്.സിയിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ മറ്റ് ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ. ടി ഉത്തരവിറക്കി.

ഡോക്ടർമാരുടെ കുറവ് കാരണം ഓഗസ്റ്റ് 9 മുതൽ കേന്ദ്രത്തിൽ ഒ.പി സേവനം പൂർണ്ണമായും നിർത്തിവെക്കുന്നതായി ഓഗസ്റ്റ് 8-ന് മെഡിക്കൽ ഓഫീസർ നോട്ടീസ് പതിച്ചിരുന്നു. ഈ നോട്ടീസ് വലിയ പൊതുജന പ്രതിഷേധത്തിനും മാധ്യമ ശ്രദ്ധയ്ക്കും വഴിവെച്ചു. കളക്ടർ ഉൾപ്പെടെയുള്ള ഉന്നതാധികൃതർ വിഷയത്തിൽ ഇടപെടുകയും ഞായറാഴ്ച ഒ.പി പൂർണ്ണമായും മുടങ്ങുകയും ചെയ്തതോടെയാണ് അധികൃതർ അടിയന്തര നടപടിയിലേക്ക് കടന്നത്.

പുതിയ ഉത്തരവ് പ്രകാരം തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പെരിയ, ബദിയടുക്ക, ചട്ടഞ്ചാൽ, മുള്ളേരിയ, ഉടുമ്പുന്തല, ഉദുമ, അജാനൂർ, ചെറുവത്തൂർ, പടന്ന, പള്ളിക്കര തുടങ്ങിയ എഫ്.എച്ച്.സികളിലെ ഡോക്ടർമാർ മാറിമാറി ഓഗസ്റ്റ് 31 വരെ പാണത്തൂരിൽ സേവനമനുഷ്ഠിക്കും.

നിർദ്ദിഷ്ട ദിവസങ്ങളിൽ ഡോക്ടർമാർ പാണത്തൂരിൽ എത്തി ജോലിക്ക് ഹാജരാകുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

No comments