Breaking News

റാണിപുരം എസ്റ്റേറ്റ് വളവിൽ വീണ്ടും വാഹനാപകടം മലയിറങ്ങി വരികയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് ചെരിഞ്ഞത്


പനത്തടി: പനത്തടി - റാണിപുരം റോഡിലെ അപകടക്കെണിയായ എസ്റ്റേറ്റ് വളവിൽ വീണ്ടും വാഹനാപകടം. റാണിപുരം സന്ദർശിച്ച് മലയിറങ്ങി വരികയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് ചെരിഞ്ഞത്.

കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന KL 05 BE 8250 നമ്പറിലുള്ള വെള്ള മാരുതി എർട്ടിഗ കാറാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വശത്തെ വലിയ ഓടയിലേക്ക് പതിക്കുകയായിരുന്നു. കാറിന്റെ അടിഭാഗത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ  രക്ഷപ്പെട്ടു .

പുറത്തുനിന്ന് വരുന്ന ഡ്രൈവർമാർക്ക് ഈ മലയോര പാതയിലെ കുത്തനെയുള്ള വളവുകളെയും തിരിവുകളെയും കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണമാകുന്നത്. പനത്തടിക്കും റാണിപുരത്തിനും ഇടയിലുള്ള ഈ മേഖലയിൽ മുൻപും ഒട്ടേറെ അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്.


No comments