രാജപുരത്തെ വിസത്തട്ടിപ്പ് ; പ്രതിയുടെ വീട്ടുപടിക്കൽ തട്ടിപ്പിനിരയായവർ കുത്തിയിരിപ്പു സമരം നടത്തി
രാജപുരം : വീസത്തട്ടിപ്പിനിരയായവർ കേസിൽ പ്രതിയായ കോടോത്തെ കോച്ചേരിൽ സാജൻ ഫിലിപ്പിന്റെ വീടിനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തി.
കേസിൽ പ്രതികളായ സാജൻ ഫിലിപ്, ഭാര്യ ഷൈബി എന്നിവർ ഒളിവിലാണ്. തട്ടിപ്പിനിരയായ ഷാനി വയനാട്, പ്രിനീഷ് കോഴിക്കോട്, അബി ഏബ്രഹാം എറണാകുളം, ആഷിഖ് നീലേശ്വരം, സുരേശൻ കാസർകോട് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് ഇന്നലെ രാവിലെ മുതൽ സാജൻ ഫിലിപ്പിനെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം നടത്തിയത്.
രാജപുരത്ത് ആവേ മരിയ ജോബ് കൺസൽറ്റൻസി സ്ഥാപനം നടത്തിയിരുന്ന സാജൻ ഫിലിപ് ജർമനി, നെതർലൻഡ്സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് 500 പേരിൽ നിന്നായി അനവധി കോടിയോളം രൂപ തട്ടിപ്പുനടത്തിയതായി സമരക്കാർ ആരോപിക്കുന്നു.
സമരത്തിനെത്തിയവരിൽ 3 ലക്ഷം മുതൽ 5 ലക്ഷം വരെ വീസയ്ക്ക് നൽകിയവരുണ്ട്. ചിലർക്ക് വ്യാജ വീസയുടെ കോപ്പി നൽകി വഞ്ചിച്ചതായും പറയുന്നു. 2024, 2025 വർഷങ്ങളിലാണ് ഇവർ തട്ടിപ്പിനിരയായത്. സാജൻ ഫിലിപ്, ഭാര്യ ഷൈബി എന്നിവർക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. കോഴിക്കോട്, വയനാട്, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസർകോട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്നലെ സമരത്തിനെത്തിയത്.
No comments