കൈകളിൽ വിരിയുന്ന കലയുടെ വിസ്മയം; വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ കുഞ്ഞികൃഷ്ണൻ
വെള്ളരിക്കുണ്ട്: ചെറിയ കോഴ്സുകൾക്കപ്പുറം ഔപചാരികമായ കലാപഠനങ്ങളൊന്നുമില്ല. എന്നാൽ കഠിനാധ്വാനത്തിലൂടെയും നിരന്തരമായ പരിശീലനത്തിലൂടെയും നിരവധി കലാരൂപങ്ങളിൽ മികവ് തെളിയിച്ചിരിക്കുകയാണ് കൂരാംകുണ്ടിലെ കുറുവാട്ട് വീട്ടിൽ കുഞ്ഞികൃഷ്ണൻ
മ്യൂറൽ പെയിന്റിംഗ്, ഹാൻഡിക്രാഫ്റ്റ്, കൊത്തുപണി, തെയ്യം കല തുടങ്ങി വിവിധ മേഖലകളിലാണ് കുഞ്ഞികൃഷ്ണന്റെ കൈയൊപ്പ്. ഒരുകാലത്ത് തെയ്യം കെട്ടിയിരുന്നെങ്കിലും ചെറിയ ശാരീരിക അസ്വസ്ഥതകൾ കാരണം ഇപ്പോൾ തെയ്യം കെട്ടാറില്ല. എന്നാൽ തെയ്യത്തിന്റെ മുഖമെഴുത്തിൽ ഇപ്പോഴും സജീവമാണ്.
കുഞ്ഞികൃഷ്ണനെ സംബന്ധിച്ചിടത്തോളം മ്യൂറൽ പെയിന്റിംഗ് വെറുമൊരു ചിത്രകല മാത്രമല്ല, ഒരു ദൈവിക കലയാണ്. മ്യൂറൽ ചിത്രരചനയിൽ പരമ്പരാഗതമായി പാലിക്കുന്ന ചിട്ടവട്ടങ്ങൾക്കും നിറങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. സാധാരണയായി അഞ്ച് അടിസ്ഥാന വർണ്ണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ ഒരുക്കുന്നത്.
മ്യൂറൽ പെയിന്റിംഗിനായി ഉപയോഗിക്കുന്ന ക്യാൻവാസിനും ചായങ്ങൾക്കും വരുന്ന വലിയ ചെലവാണ് കലാകാരൻ നേരിടുന്ന പ്രധാന പ്രതിസന്ധി. അതിനാൽ ചെലവ് കുറയ്ക്കുന്നതിനായി ഇപ്പോൾ മരത്തിലും പ്രത്യേകിച്ച് കവുങ്ങിൻ തടിയിലും ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്.
മ്യൂറൽ പെയിന്റിംഗിനൊപ്പം ഹാൻഡിക്രാഫ്റ്റ് മേഖലയിലും കുഞ്ഞികൃഷ്ണൻ വേറിട്ട സൃഷ്ടികൾ ഒരുക്കുന്നു. കൈകൊണ്ട് നിർമ്മിക്കുന്ന കളിപ്പാട്ട ചെണ്ടകൾ പറശ്ശിനിക്കടവ്, മൂകാംബിക, ഉഡുപ്പി തുടങ്ങിയ ക്ഷേത്രനഗരങ്ങളിലേക്കും വിപണനത്തിനായി എത്തിക്കുന്നുണ്ട്. ചിരട്ടയിലും മരത്തിലും മനോഹരമായ കൊത്തുപണികളും കുഞ്ഞികൃഷ്ണൻ ഒരുക്കുന്നു.
വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്റ്റോപ്പിൽ ‘മുദ്ര ആർട്സ് മ്യൂറൽ പെയിന്റിംഗ് & ഹാൻഡിക്രാഫ്റ്റ്’ എന്ന സ്ഥാപനം ആരംഭിച്ചാണ് ഇപ്പോൾ പ്രവർത്തനം. മ്യൂറൽ പെയിന്റിംഗിൽ കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്. നിരവധി ശിഷ്യന്മാരെ ഇതിനകം കലയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്.
തന്റെ കഴിവുകൾക്ക് വേണ്ടത്ര പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നില്ലെന്ന പരിഭവം കുഞ്ഞികൃഷ്ണനുണ്ട് . എങ്കിലും പരിമിതികളെ മറികടന്ന് തന്റെ കൈകളിലൂടെ പുതിയ കലാസൃഷ്ടികൾ പിറവിയെടുക്കുകയാണ് ഈ കലാകാരൻ. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും അധ്വാനവുമാണ് കുഞ്ഞികൃഷ്ണന്റെ ഏറ്റവും വലിയ കരുത്ത്.
No comments