ദുരിതാശ്വാസ ക്യാംപിലേക്ക് ചായയും പലഹാരവുമായി കൊട്ടോടി ജിഎച്ച്എസ്എസ് വിദ്യാർഥികൾ
ചുള്ളിക്കര: ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് ആശ്വാസമേകാൻ ചായയും പലഹാരവുമായി കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീം അംഗങ്ങളെത്തി. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കള്ളാർ പഞ്ചായത്ത് കുട്ടിക്കാനം, ഓട്ടക്കണ്ടം ഉന്നതിയിലെ 46 പേരാണ് ദുരിതാശ്വാസ ക്യാംപായ ചുള്ളിക്കര ഗവ.എൽപി സ്കൂളിൽ കഴിഞ്ഞ 4 ദിവസമായി കഴിയുന്നത്. ഇന്നലെ വൈകിട്ടാണ് സ്നേഹസ്പർശവുമായി കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് അംഗങ്ങൾ ക്യാംപിൽ കഴിയുന്നവർക്കായി ചായയും പലഹാരങ്ങളുമായി എത്തിയത്. അംഗങ്ങൾതന്നെ ചായയും പലഹാരവും വിതരണം ചെയ്തു.
എൻഎസ്എസിന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് പ്രവർത്തനം സംഘടിപ്പിച്ചത്. പ്രോഗ്രാം ഓഫിസർ എൽ.ശരണ്യ, ടി.എസ്.നിഷ, എൻ.പ്രദീപ് എന്നിവർ നേതൃത്വം നൽകി.
No comments