ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം: ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട് : അകാലത്തിൽ വേർപിരിഞ്ഞ കാസർകോട് ജവഹർ നവോദയ വിദ്യാർഥിനിയും ബാലകവയിത്രിയും ചിത്രകാരിയുമായ കുമാരി ആതിര കെ.വിയുടെ പതിനാലാം സ്മൃതി വർഷ ആചരണത്തിന്റെ ഭാഗമായി സപര്യ സാംസ്കാരിക സമിതി 'ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം-2026' സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരമാണ് നടക്കുന്നത്.
പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിങ് എന്നീ മൂന്ന് ഇനങ്ങളിലാണ് മത്സരം. 'യുവകേരളം നവഭാരതം' എന്നതാണ് മത്സരത്തിന്റെ വിഷയം.
മത്സര നിബന്ധനകൾ: എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സംസ്ഥാന സിലബസ്, CBSE, ICSE, ഭാരതീയ വിദ്യാനികേതൻ ഉൾപ്പെടെയുള്ള ഭാരതത്തിലെ ഏത് വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.ഒരു വിദ്യാർത്ഥിക്ക് ഏതെങ്കിലും ഒരിനത്തിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. സൃഷ്ടികൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം വ്യക്തതയോടെ 2026 സെപ്റ്റംബർ 7-നകം 9744570014 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങൾ അയോഗ്യമാക്കും. മുൻവർഷങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
മൂന്ന് വിഭാഗങ്ങളിലെയും ഏറ്റവും മികച്ച ഓരോ ചിത്രത്തിനും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ക്യാഷ് അവാർഡും പ്രശസ്തിപത്രവും ചിത്രരേഖയും പുരസ്കാരമായി നൽകും.
അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ 10-ന് നടക്കും. പുരസ്കാര സമർപ്പണം സെപ്റ്റംബർ അവസാന വാരം കണ്ണൂരിൽ വെച്ച് നടക്കുമെന്ന് സപര്യ സംസ്ഥാന സമിതി അറിയിച്ചു.
No comments