കാസർഗോഡ് മിയാപ്പദവിൽ വ്യാപാരിക്കു നേരെ ഉണ്ടായ വെടിവയ്പ് സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്തു പ്രതികൾക്കായി തിരച്ചിൽ
കാസർകോട് : മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മിയാപ്പദവ്, ബട്ടിപ്പദവിൽ ഇന്നലെ (തിങ്കൾ) ഉച്ചക്ക് വ്യാപാരിക്കു നേരെ ഉണ്ടായ വെടിവയ്പ് സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്തു. നിരവധി കേസുകളിൽ പ്രതികളായ ഖാദർ മദങ്കല്ല്, മിയാപ്പദവ് റഹീം, അബൂബക്കർ സിദ്ദിഖ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. വെടിവയ്പിന് ശേഷം കാറിൽ കർണാടകയിലേക്ക് കടന്ന അക്രമികൾക്കായി പൊലീസ് വ്യാപകമായി തെരച്ചിൽ തുടങ്ങി. ബട്ടിപ്പദവിലെ വ്യാപാരിയായ ഷുഹൈബ് മോയിൻ ഷേഖി (28)നു നേരെയാണ് വെടിവെയ്പ്പുണ്ടായത്.ചാരനിറത്തിലുള്ള കാറിലെത്തിയ സംഘം ഷുഹൈബിന്റെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. പ്രകോപനം സൃഷ്ടിച്ച അക്രമി സംഘം ശുഹൈബിനു നേരെയും വെടിയുതിർത്തു. തലനാരിഴക്കാണ് വെടിയേൽക്കാതെ രക്ഷപ്പെട്ടതെന്നു ശുഹൈബ് പൊലീസിനു മൊഴി നൽകി.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ശുഹൈബും മച്ചംപാടി സ്വദേശിയും തമ്മിൽ നേരത്തെ പ്രശ്നം ഉണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ തുടർച്ചയായാണ് കാറിലെത്തിയ സംഘം പട്ടാപ്പകൽ ശുഹൈബിനു നേരെ വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. അക്രമികളെ പിടികൂടിയാൽ മാത്രമേ വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്നു കൂട്ടിച്ചേർത്തു.
അതേസമയം മഞ്ചേശ്വരം പൊലീസ് പരിധിയിൽ ഗുണ്ടാ സംഘം വീണ്ടും തല പൊക്കിയത് ഭീതിയുയർത്തുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
No comments