Breaking News

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിനെതിരെ പരാതി നൽകും : കിനാനൂർ–കരിന്തളം മണ്ഡലം കോൺഗ്രസ്


ചോയ്യങ്കോട്: സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കിനാനൂർ–കരിന്തളം മണ്ഡലം കോൺഗ്രസ് നേതൃയോഗം. കൺസ്യൂമർഫെഡിന്റെ കേരള സർക്കാർ ബോർഡ് പതിച്ച വാഹനം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചും പരാതി നൽകുമെന്ന് യോഗം അറിയിച്ചു.

ചോയ്യങ്കോട് രാജീവ്ഭവനിൽ ചേർന്ന മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം. യു.ഡി.എഫ് ഘടകകക്ഷികൾ പാർട്ടി നേതൃത്വത്തെ അറിയിക്കാതെ മണ്ഡലത്തിനകത്ത് നടത്തുന്ന നിയമനങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്ത് വർഷമായി നീതി നിഷേധിക്കപ്പെട്ട് പ്രയാസം നേരിടുന്ന സർക്കാർ ജീവനക്കാർക്ക് നീതി ഉറപ്പാക്കാൻ ശക്തമായ ഇടപെടൽ നടത്തണമെന്നും മണ്ഡലത്തിലെ വിഷയങ്ങളിൽ ഒരു കാരണവശാലും ബാഹ്യ ഇടപെടൽ അനുവദിക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.

പുലിയംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ, പെരിയങ്ങാനം ആയുർവേദ ഡിസ്പെൻസറി, പരപ്പ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് എന്നിവ അനുവദിക്കുന്നതിനായി സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്താനും യോഗം തീരുമാനിച്ചു.

കൊല്ലമ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലമ്പാറയിൽ സ്ഥാപിച്ച കൊടിമരം തുടർച്ചയായി നശിപ്പിക്കുന്നതിനെതിരെയും യോഗത്തിൽ ശക്തമായ പ്രതിഷേധമുയർന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകർന്നാൽ അതിന് ഉത്തരവാദികൾ കോൺഗ്രസ് പ്രവർത്തകരായിരിക്കില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു.

INTUC സംസ്ഥാന കമ്മിറ്റി അംഗം സി. ഒ. സജി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി. വി. ബാലകൃഷ്ണൻ, അജയൻ വേളൂർ, ജയകുമാർ ചാമക്കുഴി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് ചോയ്യങ്കോട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാലഗോപാലൻ കാളിയാനം, ജനാർദ്ദനൻ കക്കോൾ, ശശി ചാങ്ങാട്, ജോണി കൂന്നാണി, ശ്യാമള കുവാറ്റി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

No comments