ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം; യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി
മലപ്പുറം: മരണപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും എല്ലാ പദവികളിൽ നിന്നും നീക്കി. ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഷൗക്കത്ത്, യുക്തിവാദം തലക്ക് കയറിയാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു സികെ ഷാക്കിറിന്റെ വിവാദ പരാമര്‍ശം. മുസ്‌ലിം ലീഗിൻ്റെ സംസ്ഥാന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായ സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കിയതായി പാര്‍ട്ടി അറിയിച്ചത്.
'യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഷാക്കിറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തില്‍ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും തെറ്റായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും സികെ ഷാക്കിര്‍ ആരോപിച്ചിരുന്നു. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് ഈ നടപടി.
ഒരു ഏജന്റിന്റെ പിന്തുണയില്ലാതെ സംവിധാനം മുന്നോട്ട് പോകില്ലെന്ന എംവിഡി ഉദ്യോഗസ്ഥരുടെ തീരുമാനമാണ് ഷൗക്കത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അരീക്കോട് പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഓട്ടോ ഡ്രൈവര്‍ മലപ്പുറം സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആണെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ തന്റെ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു എന്നാണ് ആരോപണം. കഴിഞ്ഞ പത്ത് മാസമായി താന്‍ ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവറുടെ കുറിപ്പില്‍ പറയുന്നുണ്ട്.
No comments