മീലാദ് ആഘോഷം സംഘടിപ്പിച്ചു
പരപ്പ : ക്ലായിക്കോട് ബദരിയ ജമാഅത്ത് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദുന്നബി ആഘോഷങ്ങൾ സമാപിച്ചു. 2026 ഓഗസ്റ്റ് 25 ന് മീലാദ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാണത്തൂർ പതാക ഉയർത്തിയതോടു കൂടി തുടക്കം കുറിച്ച പരിപാടികൾ 29 ന് സമാപിച്ചു. 25 ന് വൈകിട്ട് 4 മണിക്ക് നടന്ന വനിതാ ക്ലാസിനു സെൻട്രൽ യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ ഫാത്തിമ നൗഫീറ നേതൃത്വം നൽകി. 26 ന് വൈകിട്ട് 4 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം ഡോക്ടർ ഇസ്മായിൽ അമാനി ഉത്ഘാടനം ചെയ്യുകയും കരീം മാസ്റ്റർ പ്രഭാഷണം നടത്തുകയും ചെയ്തു. ഡോക്ടർ പ്രവീൺ, സിറ്റി സലീം, മുൻ പഞ്ചായത്ത് മെമ്പർ ഗോപാല കൃഷ്ണൻ, സുരേഷ് മാസ്റ്റർ, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് അംഗം നൗഷാദ് കാളിയാനം, കെ വി തോമസ്, സുരേഷ് ക്ലായിക്കോട് തുടങ്ങിയവർ സംസാരിച്ചു. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്തമാക്കിയ ഡോക്ടർ പ്രസീൻ പരപ്പയെ ചടങ്ങിൽ വെച്ച് മെമെന്റോ നൽകി ആദരിച്ചു. ശിഹാബ് ക്ലായിക്കോട് സ്വാഗതവും കുഞ്ഞാലി മൗലവി നന്ദിയും പറഞ്ഞു. രാത്രി നടന്ന രണ്ടാമത്തെ സെഷനിൽ അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട മുത്ത് നബിയുടെ സ്നേഹ പരിസരം എന്ന വിഷയത്തിലുള്ള ജനറൽ ക്ലാസ്സ് അവതരിപ്പിച്ചു. 27 ന് ലുഖ്മാനുൽ ഹകീം ഫാദിലി മദ്ഹു റസൂൽ പ്രഭാഷണം നടത്തി. 28 ന് മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ്, 29 ന് 4 മണിക്ക് പ്രവാസി സംഗമം എന്നിവയും സംഘടിപ്പിച്ചു. സമാപന ദിവസമായ 29 ന് നടന്ന അഖിലേന്ത്യാ മദ്ഹ് ഗാന മത്സരത്തിൽ മുഹ്സിൻ തൃശൂർ ഒന്നാം സ്ഥാനവും റാസിഖ് തൃശൂർ രണ്ടാം സ്ഥാനവും സഫുവാൻ തിരൂർ മൂന്നാം സ്ഥാനവും കരസ്തമാക്കി. ഒന്നാം സ്ഥാനത്തിന് 7777 രൂപ ക്യാഷ് അവാർഡും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 4444 രൂപ ക്യാഷ് അവാർഡും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 2222 രൂപ ക്യാഷ് അവാർഡും ട്രോഫിയും മീലാദ് കമ്മിറ്റി ഭാരവാഹികളും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു. മൗലിദ് പാരായണം, സിയാറത്ത്, മീലാദ് സന്ദേശ റാലി, കവാലി, ദഫ് പ്രദർശനം, തബറുഖ് വിതരണം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ക്ലായിക്കോട് നിന്നു SSLC, Plus Two ഉന്നത വിജയം നേടിയവരെയും മദനി ബിരുദം, ഖുർആൻ ഹിഫ്സ് കരസ്തമാക്കിയവരെയും മെമെന്റോ നൽകി ആദരിച്ചു.
No comments