Breaking News

കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം


കരിന്തളം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ബൈജു ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ബിജു കൂടോൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ വർണാഭമായ സ്വാതന്ത്ര്യദിന റാലിയും നടന്നു.

സ്വാതന്ത്ര്യദിനാഘോഷം നീലേശ്വരം സബ് ഇൻസ്പെക്ടർ സി. സുമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രേംചന്ദ് ക്വിസിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ഇ. സാഹിത്യ, മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയ ആൻഡ്രിയ, കബ്ബ് വിഭാഗത്തിലെ സംസ്ഥാന, ദേശീയ തല പുരസ്കാര ജേതാക്കൾ, ബുൾബുൾ വിഭാഗത്തിലെ സംസ്ഥാനതല പുരസ്കാരമായ ഹീരഖ് പംഖ് നേടിയവർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

സ്കൂൾ മാനേജർ കെ. വിശ്വനാഥൻ, പി.ടി.എ വൈസ് പ്രസിഡന്റ് ബൈജു കൂലോത്ത്, എം.പി.ടി.എ പ്രസിഡന്റ് ജോസ്ലിൻ ബിനു, എം.പി.ടി.എ വൈസ് പ്രസിഡന്റ് രമ്യ സാജൻ, സീനിയർ അസിസ്റ്റന്റ് പി.വി. ഇന്ദുലേഖ, സ്കൂൾ ലീഡർ കെ. മുഹീൻ എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ദേശസ്നേഹവും സ്വാതന്ത്ര്യത്തിന്റെ മഹത്വവും വിളിച്ചോതിയ സംഗീതശിൽപം ഏറെ ശ്രദ്ധേയമായി. യുവസാഹിത്യകാരി ജ്യോതിഷ ഷാജീന്ദ്രൻ വിദ്യാർഥികളുമായി സംവദിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ബിനു നന്ദി പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി മുഴുവനാളുകൾക്കും പായസ വിതരണവും നടത്തി.



No comments