Breaking News

മലയോരത്ത്‌ വീണ്ടും കാട്ടാന ശല്യം പനത്തടി ചെമ്പംവയൽ പ്രദേശത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു


രാജപുരം : മലയോരത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പനത്തടി പഞ്ചായത്തിലെ ചെമ്പംവയൽ പ്രദേശത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചെമ്പംവയലിലെ വിദ്യാനന്ദന്റെ ഉടമസ്ഥയിലുള്ള വാഴത്തോട്ടമാണ് നശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ആനശല്യം കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആന ജനവാസകേന്ദ്രത്തിൽ എത്തി. കർണാടക അതിർത്തിയിൽനിന്ന് കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. മുൻകാലങ്ങളിൽ പുലർച്ചെയായിരുന്നു ആന ശല്യം. ഇപ്പോൾ പകലന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെ കാട്ടാനക്കൂട്ടം
ജനവാസകേന്ദ്രത്തിൽ എത്തുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.തെങ്ങ്, കവുങ്ങ്, റബർ, വാഴ തുടങ്ങിയ കൃഷിയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. പനത്തടി പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും ആന വരാതിരിക്കുന്നതിന് അതിർത്തികളിൽ സോളാർ വേലിയും മറ്റു കമ്പി വേദികളും സ്ഥാപിച്ചിട്ടുണ്ട്. അതും മറികടന്നാണ് ആനയെത്തുന്നത്. കനത്ത മഴയായതിനാൽ കാടുകളിൽ ഭക്ഷണലഭ്യത കുറഞ്ഞതോടെയാണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ചെണ്ട കൊട്ടിയും പടക്കംപൊട്ടിച്ചും, തീകൂട്ടിയുമെല്ലാം ആനയെ തുരത്താനുള്ള ശ്രമം നടത്തിയാലും ദിവസങ്ങൾ കഴിയുന്നതോടെ വീണ്ടും ആന ജനവാസ കേന്ദ്രത്തിലേക്ക് തിരിച്ചുവരുകയാണ്.ആനശല്യം തടയുന്നതിന് പനത്തടി പഞ്ചായത്ത് വനംവകുപ്പിന്റെ സഹായത്തോടെ വിവിധ പദ്ധതികൾ തയ്യാറാക്കിവരുന്നുണ്ട്. എന്നാൽ കർണാടക അതിർത്തി പ്രദേശങ്ങളിൽ പൂർണമായും സോളാർ വേലി നിർമിച്ചാൽ മാത്രമേ കേരളത്തിലേക്ക് വരുന്ന ആനകളെ തടയാൻ കഴിയുമെന്ന് കർഷകർ പറയുന്നു. ആന ശല്യത്തിൽ കൃഷി നശിച്ച കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യവും പരിഗണിക്കപ്പെടാതെയാണുള്ളത്.

No comments