മഞ്ചേശ്വരം എംഡിഎംഎ കേസ്: തായ്‌ലൻഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തിയ മുഖ്യ സൂത്രധാരനെ ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്തു..
കാസറഗോഡ്: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ തായ്‌ലൻഡ് കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഉപ്പള മൊഗർ സ്വദേശി മുഹമ്മദ് സുഹൈലാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്.
സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായ ഈ കേസിൽ, വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം പോലീസ് സംഘം പ്രതിയെ പിടികൂടിയത്. തുടർന്ന് കാസറഗോഡെത്തിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2024 സെപ്റ്റംബർ 20-ന് മഞ്ചേശ്വരം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉപ്പള പത്ത്വാടിയിലെ അസ്കർ അലിയുടെ (28) വീട്ടിൽ നിന്ന് 3.5 കിലോഗ്രാം എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയത്.
നേരത്തെയുള്ള അറസ്റ്റുകൾ: അന്നത്തെ കാസറഗോഡ് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റൊരു മുഖ്യ പ്രതിയുടെ അറസ്റ്റ്: കേസിൽ ഉൾപ്പെട്ട തളങ്കര ബാങ്കോട് ഷബീബ് ബാഗ് ഹൗസിൽ മുഹമ്മദ് ലിസാൻ അലിയെ (32) കർണാടക മടിക്കേരി കുശാൽനഗറിൽ നിന്ന് കാസറഗോഡ് സൈബർ സെല്ലിന്റെയും കർണാടക പോലീസിന്റെയും സഹായത്തോടെ സാഹസികമായാണ് പിടികൂടിയത്.
അന്വേഷണ സംഘം
കാസറഗോഡ് ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജിന്റെ മേൽനോട്ടത്തിൽ, കാസറഗോഡ് എ.എസ്.പി അച്യുത് അശോക് ഐ.പി.എസിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ന്യൂഡൽഹി വിമാനത്താവളത്തിൽ വെച്ച് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ജിജീഷ് പി.കെ, എ.എസ്.ഐ സുധീർ ബാബു, സി.പി.ഒ ഷജീഷ് എന്നിവരും ഉൾപ്പെടുന്നു. കർണാടകയിൽ വെച്ച് പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ പ്രസാദ്, എ.എസ്.ഐ സുധീർബാബു, എസ്.സി.പി.ഒ ദീപക്, സി.പി.ഒമാരായ ഷജീഷ്, ഹരിപ്രസാദ് എന്നിവരും പങ്കാളികളായി.
No comments