Breaking News

ഗോകുൽ ഗംഗാധരന് ബി.ഐ.ടി. മെസ്രയിൽ നിന്ന് ഡോക്ടറേറ്റ്


നീലേശ്വരം : ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബി.ഐ.ടി.) മെസ്രയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ഗോകുൽ ഗംഗാധരൻ ഡോക്ടറേറ്റ് നേടി. “റോട്ടേറ്റിംഗ് ഇലക്ട്രോകെമിക്കൽ റിയാക്ടർ ഉപയോഗിച്ച് ജലത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ ഇലക്ട്രോകെമിക്കൽ വിഘടനം” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തി പി.എച്ച്.ഡി. കരസ്ഥമാക്കിയത്.

ജലത്തിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി റോട്ടേറ്റിംഗ് ഇലക്ട്രോകെമിക്കൽ റിയാക്ടർ ഉപയോഗിച്ചുള്ള ഇലക്ട്രോകെമിക്കൽ വിഘടന സാങ്കേതികവിദ്യയാണ് ഗവേഷണത്തിലൂടെ വികസിപ്പിച്ചത്. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും ആരോഗ്യ ഗവേഷണ വകുപ്പും (ഐ.സി.എം.ആർ.-ഡി.എച്ച്.ആർ.) നൽകിയ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്.

ഗവേഷണ കാലയളവിൽ അഞ്ച് Q1 വിഭാഗത്തിലുള്ള അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ മൂന്ന് ഇന്ത്യൻ പേറ്റന്റുകളും ഒരു അന്താരാഷ്ട്ര പുസ്തക അധ്യായവും ഗോകുൽ ഗംഗാധരന്റെ അക്കാദമിക നേട്ടങ്ങളിലുണ്ട്. മൂന്ന് അന്താരാഷ്ട്ര കോൺഫ്രൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം രണ്ട് വേദികളിൽ മികച്ച അവതരണത്തിനുള്ള പുരസ്കാരവും നേടി.

പരേതനായ തളാപ്പൻ ഗംഗാധരന്റെയും കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ ട്രഷററും സി.പി.ഐ.എം. കരിന്തളം ലോക്കൽ കമ്മിറ്റി അംഗവുമായ പി. സാവിത്രിയുടെയും മകനാണ്.പരേതയായ സവിത പി. സഹോദരിയാണ്.  ഭാര്യ : ആര്യ രാമകൃഷ്ണൻ ( SIMET നഴ്സിംഗ് കോളേജ്  അധ്യാപിക ). മരുമകൻ പി. കാർത്തിക്-ബാലസംഘം നീലേശ്വരം ഏരിയാ പ്രസിഡണ്ട് .

No comments