Breaking News

നീലേശ്വരത്തെ പിന്നോട്ടടിക്കുന്ന അണ്ടർപാസ്സുകൾ വേണ്ട; പരിഹാരം തൂണുകളോട് കൂടിയ ആകാശപാത മാത്രം: ജനകീയ സമര സമിതി


നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് അവിടവിടെ അണ്ടർപാസ്സുകൾ നിർമ്മിക്കുന്നത് നഗരത്തിന്റെ സമഗ്രവികസനത്തിനോ, ഗതാഗതക്കുരുക്ക് പരിഹരിക്കാനോ, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനോ ഒരു തരത്തിലും ഉപകരിക്കില്ലെന്ന് ജനകീയ സമര സമിതി വ്യക്തമാക്കി. രാജാ റോഡ് ജംഗ്ഷനിൽ നിലവിലെ 7 മീറ്റർ അണ്ടർപാസ്സിന് പകരം 15 മീറ്റർ അണ്ടർപാസ്സ് നിർമ്മിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കവെയാണ് സമര സമിതി തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.

അണ്ടർപാസ്സുകൾ നിർമ്മിക്കുന്നത് നീലേശ്വരത്തെ വീണ്ടും പിന്നോട്ടടിക്കാൻ മാത്രമേ സഹായിക്കൂ. ഇത് നീലേശ്വരത്തെ പ്രധാന ഇടമായ രാജാ റോഡ് ജങ്ഷനെ എന്നേക്കുമായി ഉപയോഗശൂന്യമാക്കും. ഇവിടെ ജനങ്ങൾക്ക് ആവശ്യമുള്ളത് അണ്ടർപാസ്സിന്റെ വീതി 7 മീറ്ററിൽ നിന്ന് 15 മീറ്ററായി വർദ്ധിപ്പിക്കുകയല്ല, മറിച്ച് തികച്ചും ശാസ്ത്രീയമായ ആകാശപാതയാണ്. ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തിനും നഗരത്തിൻ്റെ ഭാവി വികസനത്തിനും ഇത് കൂടിയേ തീരൂ.

ഈ പ്രദേശത്ത് നടത്തിയ സോയിൽ ടെസ്റ്റിൽ (മണ്ണ് പരിശോധന) 30 മീറ്ററോളം താഴ്ചയിൽ കളിമണ്ണ് കണ്ടെത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകൾ കണക്കിലെടുക്കുമ്പോൾ, നീലേശ്വരത്ത് ഏറ്റവും അനുയോജ്യമായ പരിഹാരം തൂണുകളോട് കൂടിയ ആകാശപാത (Elevated Fly-over) നിർമ്മിക്കുക എന്നത് മാത്രമാണ്.

ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി കേന്ദ്ര പദ്ധതികളുടെ കേരളത്തിലെ ചുമതലക്കാരനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ ശ്രീ. പി.കെ. കൃഷ്ണദാസിന് ജനകീയ സമര സമിതി വിശദമായ നിവേദനം നൽകുകയും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടുത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും, ശാസ്ത്രീയമായി പഠിക്കാനും ഒരു ഉന്നതതല സാങ്കേതിക സംഘത്തെ എത്രയും വേഗം നീലേശ്വരത്തേക്ക് അയക്കാൻ വേണ്ട സഹായ സഹകരണങ്ങൾ ചെയ്യണമെന്ന് അദ്ദേഹത്തോട് സമിതി  അഭ്യർത്ഥിച്ചു. നീലേശ്വരത്തിന്റെ വികസനം മുരടിപ്പിക്കുന്ന അശാസ്ത്രീയമായ അണ്ടർപാസുകളുടെ നിർമ്മാണത്തിൽ നിന്ന് അധികാരികൾ പിന്മാറണമെന്നും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് തൂണുകളോട് കൂടിയ ആകാശപാത യാഥാർത്ഥ്യമാക്കണമെന്നും ജനകീയ സമര സമിതി ആവശ്യപ്പെട്ടു.

No comments