മാവേലിയായി എ എസ് ഐ.. ഓണാഘോഷത്തോടൊപ്പം ട്രാഫിക് നിയമങ്ങളെക്കുറിച്ചും ലഹരിമരുന്ന് ദൂഷ്യഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കുക, അമിതവേഗം ഒഴിവാക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ബോധവൽക്കരണത്തിന്റെ ഭാഗമായി. അതോടൊപ്പം യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ലഹരിമരുന്നുകളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സന്ദേശം നൽകി.
മാവേലി പറയുന്ന കാര്യങ്ങൾ നാട്ടുകാർ ശ്രദ്ധയോടെ കേട്ടത് പരിപാടിക്ക് വേറിട്ട അനുഭവമായി. ഓണത്തിന്റെ സന്തോഷത്തോടൊപ്പം സാമൂഹിക സുരക്ഷയുടെയും ഉത്തരവാദിത്തത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ പരിപാടിക്ക് സാധിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. രതീഷ്, സബ് ഇൻസ്പെക്ടർ കെ. ശരത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രൻ നായരാണ് മാവേലിയുടെ വേഷത്തിലെത്തി ജനങ്ങൾക്ക് ബോധവൽക്കരണ സന്ദേശം നൽകിയത്.
സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾക്ക് സബ് ഇൻസ്പെക്ടർ കരുണാകരൻ, ഇ. സുകുമാരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജോസ് വിൻസെന്റ്, സതീശൻ പൊള്ളക്കട, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് തെക്കേക്കാട്, അജിൻ എസ്. ബാലൻ, ദിലീഷ് കുമാർ പള്ളിക്കൈ, സതീശൻ എന്നിവർ നേതൃത്വം നൽകി. ആഘോഷവും സാമൂഹിക ബോധവൽക്കരണവും ഒരുമിപ്പിച്ച ആദൂർ പോലീസിന്റെ പരിപാടി ശ്രദ്ധേയമായി.
No comments