Breaking News

മണ്ണിന്റെ മണമുള്ള മലയോരത്തെ കൃഷി പാഠവം ജോബിക്ക് നൽകിയത് 100 മേനി...


കൊന്നക്കാട്: മറുനാട്ടിലാണെങ്കിലും മലയാളിക്ക് കൃഷി ഇന്നും ജീവിതത്തിന്റെ ഭാഗമാണ്. ഒഴിവുസമയങ്ങളിൽ അൽപസമയം മാറ്റിവെച്ച് അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷി നടത്തി നൂറുമേനി വിളവ് നേടിയിരിക്കുകയാണ് കാസർഗോഡ് കൊന്നക്കാട് സ്വദേശി ജോബി.

കാസർഗോഡിന്റെ മലയോര കർഷക പാരമ്പര്യവും അധ്വാനസംസ്കാരവും നെഞ്ചിലേറ്റിയാണ് ജോബി യുകെയിലും പച്ചക്കറി കൃഷിയുടെ മാതൃക തീർത്തത്. താമസിക്കുന്ന സ്ഥലത്തെ പരിമിതമായ ഇടം പരമാവധി പ്രയോജനപ്പെടുത്തി വിവിധയിനം പച്ചക്കറികൾ നട്ടുവളർത്തി മികച്ച വിളവാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

ഈ ഓണക്കാലത്ത് നാട്ടിൽനിന്ന് പച്ചക്കറികൾ എത്തുന്നതും കാത്തിരിക്കാതെ സ്വന്തം കൃഷിയിടത്തിൽ വിളയിച്ച പച്ചക്കറികൾ ഉപയോഗിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് ജോബി. “മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്” എന്ന വാക്കുകൾ അന്വർഥമാക്കുന്നതാണ് പരിമിതമായ സ്ഥലത്ത് നടത്തിയ ഈ കൃഷിപ്രവർത്തനം.

വിദേശരാജ്യങ്ങളിൽ മലയാളികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും അതുവഴിയുണ്ടാകുന്ന കുടുംബച്ചെലവിലെ വർധനവും. ഇത്തരം സാഹചര്യത്തിൽ ഒഴിവുസമയത്തിന്റെ ഒരു ഭാഗം കൃഷിക്കായി മാറ്റിവെച്ചാൽ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് ജോബി പറയുന്നു.

മണ്ണിനോടുള്ള സ്നേഹവും കൃഷിയോടുള്ള താൽപര്യവും വിദേശത്തും കൈവിടാതെ മുന്നോട്ടുപോകുന്ന ജോബിയുടെ പ്രവർത്തനം കൃഷിയെ സ്നേഹിക്കുന്ന പ്രവാസി മലയാളികൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല.


No comments