Breaking News

കോളിച്ചാൽ മാവേലി സ്റ്റോർ വാടക കുടിശ്ശിക: മന്ത്രി അനൂപ് ജേക്കബിന് നിവേദനം നൽകി


പനത്തടി: കോളിച്ചാൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിടത്തിൽ  പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിന്റെ ഏഴ് വർഷത്തെ വാടക കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നിവേദനം നൽകി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വെച്ച്  സഞ്ചരിക്കുന്ന റേഷൻ കടയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയാണ് നിവേദനം കൈമാറിയത്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2014 ഫെബ്രുവരി 24-നാണ് കോളിച്ചാൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിടത്തിൽ മാവേലി സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. ആദ്യ അഞ്ച് വർഷം വാടക രഹിതമായും, അതിനുശേഷം സർക്കാർ നിശ്ചയിക്കുന്ന പി.ഡബ്ല്യു.ഡി നിരക്കിൽ വാടക നൽകാനുമായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി പനത്തടി പഞ്ചായത്തിൽ നിന്നോ സിവില്‍ സപ്ലൈസ് വകുപ്പിൽ നിന്നോ വാടകയിനത്തിൽ തുകയൊന്നും ലഭിച്ചിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വിഷയത്തിൽ മന്ത്രി അടിയന്തരമായി ഇടപെട്ട് വാടക കുടിശ്ശിക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. ജയകുമാർ , വി.സി. ദേവസ്യ, പി.എ. മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.


No comments