പയ്യന്നൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് മരിച്ചു
പയ്യന്നൂർ: വിവാഹ മോചനത്തിനു കേസു കൊടുത്ത വിരോധത്തിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പയ്യന്നൂർ, സാമിമുക്ക് ചവ്വോക്ക് വളപ്പിലെ പരേതനായ അച്യുതന്റെ മകൻ സി.വി.സനൽ (46) ആണ് ഇന്ന് (ചൊവ്വ) രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് സനലിന്റെ മരണം.
മാതാവ്: സിവി സുശീല. സഹോദരങ്ങൾ: സിവി അനിൽ കുമാർ (സ്വകാര്യ ബസ് കണ്ടക്ടർ), സിവി സുനിൽ കുമാർ (നിർമ്മാണ തൊഴിലാളി ആലക്കോട്). മക്കൾ: ഘനശ്യാം, നിധാഷ.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സനലിന് ഗുരുതരമായി പൊള്ളലേൽക്കാനിടയായ സംഭവം നടന്നത്. കരിവെള്ളൂർ, കൂക്കാനം, മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പ്രജുഷ (37) യാണ് സനലിന്റെ ഭാര്യ. ദാമ്പത്യ പ്രശ്നത്തെത്തുടർന്ന് പ്രജുഷയും മക്കളും മാസങ്ങളായി കൂക്കാനത്തെ വീട്ടിലാണ് താമസം. ഇതിനിടയിലാണ് അടുത്തിടെ വിവാഹ മോചനത്തിന് കേസ് നൽകിയത്. ഈ വിരോധത്തിൽ ഞായറാഴ്ച രാത്രി 10 മണിയോടെ കൂക്കാനത്തെ ഭാര്യ വീട്ടിൽ അതിക്രമിച്ചു കയറിയ സനൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഭാര്യ പ്രജുഷയുടെ ദേഹത്തേയ്ക്ക് പെട്രോളോഴിച്ച് തീ കൊളുത്തുകയായിരുന്നു. അക്രമത്തിനു ശേഷം വീട്ടിന് പുറത്തേക്ക് ഓടുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ സനൽ നിലത്ത് വീഴുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രജുഷയുടെ മാതാവ് പത്മിനിക്കും പൊള്ളലേറ്റിരുന്നു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായി പൊള്ളലേറ്റ സനലിനെ പൊലീസിന്റെ നേതൃത്വത്തിലാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും ചെയ്തിരുന്നു. നില ഗുരുതരമായതിനെ തുടർന്നാണ് പരിയാരത്തേക്ക് മാറ്റിയത്.
No comments