കനത്ത മഴ ; വെസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാശനഷ്ട്ടം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു
ഭീമനടി : ശക്തമായ മഴയിലും മലവെള്ളം കുത്തിയൊലിച്ച് വന്നതിനാലും വെസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും മണ്ണിടിയുകയും ചെയ്തു. ചില വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ നാശനഷ്ട്ടം സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അനു പി വി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
കോട്ടമല എസ്റ്റേറ്റിനു സമീപത്തുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മൗവ്വേനി, വരക്കാട് അമ്പാടിബസാർ, ശാസ്താനഗർ, മാങ്ങോട് ഭാഗങ്ങളിൽ വെള്ളം കയറി.
കോട്ടമല ഉന്നതിക്ക് മുകളിലെ ഫോറസ്റ്റിൽ നിന്നുണ്ടായ ശക്തമായ നീരൊഴുക്കിനെ തുടർന്ന് ഉന്നതിയിലേയും സമീപത്തേയും ഒൻപത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആനച്ചാപ്പ ചട്ടമല റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ തോതിൽ മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായ്.
ചിറ്റാരിക്കാൽ ഭാഗത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് കമ്മാടം പാലക്കുന്ന് ഭാഗങ്ങളിൽ തോടുകൾ കവിഞ്ഞൊഴുകി വെള്ളം കയറി ചില വീടുകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാർ, വില്ലേജ് ഓഫീസര്‍മാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പ്രൊമോട്ടർമാർ, രാഷ്ട്രീയ പാർട്ടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവർ ദുരിത ബാധിത പ്രദേശങ്ങളിൽ എത്തിച്ചേരുകയും തുടർ പ്രവര്‍ത്തനങ്ങളിൽ വേണ്ട ഇടപെടല്‍ നടത്തുകയും ചെയ്തു.
No comments