അപകടഭീഷണിയായി റോഡരികിലെ കാടുകളും മരക്കൊമ്പുകളും; അടിയന്തര നടപടി വേണമെന്ന് കുമ്പളപ്പള്ളി സ്കൂൾ പി.ടി.എ
കരിന്തളം: റോഡരികിൽ അപകടാവസ്ഥയിൽ വളർന്നു കിടക്കുന്ന കാടുകളും മരച്ചില്ലകളും വിദ്യാർഥികൾക്കും നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തരമായി അവ നീക്കം ചെയ്യണമെന്ന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ യു.പി സ്കൂൾ പി.ടി.എ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
സ്കൂളിലേക്കുള്ള പ്രധാന റോഡുകളിലും പരിസരങ്ങളിലും നിയന്ത്രണമില്ലാതെ വളർന്നുനിൽക്കുന്ന കാടുകളും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകളും ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് അപകടസാധ്യത വർധിപ്പിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. മരക്കൊമ്പുകൾ തട്ടി വിദ്യാർഥികൾക്ക് പരിക്കേൽക്കുന്നതും സ്കൂൾ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. ചില ഭാഗങ്ങളിൽ വാഹനങ്ങൾക്ക് പരസ്പരം സൈഡ് നൽകാനോ സുരക്ഷിതമായി തിരിയാനോ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ബൈജു ഉദ്ഘാടനം നിർവഹിക്കുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.വി. ഇന്ദുലേഖ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.
പി.ടി.എ കമ്മിറ്റിയിൽ നിന്ന് ഒഴിവാകുന്ന വൈസ് പ്രസിഡന്റ് വാസു കരിന്തളത്തിന് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി. വാസു കരിന്തളം, എം.പി.ടി.എ പ്രസിഡന്റ് ജോസ്ലിൻ ബാനു, പി. അമൃത, ബൈജു കൂലോത്ത്, എ.വി. ബിജു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ബിനു സ്വാഗതവും കെ പ്രശാന്ത് നന്ദിയും പറഞ്ഞു. പുതിയ പി.ടി.എ ഭാരവാഹികളായി എ.വി. ബിജു (പ്രസിഡന്റ്), ബൈജു കൂലോത്ത് (വൈസ് പ്രസിഡന്റ്), ജോസ്ലിൻ ബിനു (എം.പി.ടി.എ പ്രസിഡന്റ്), രമ്യ സാജൻ (എം.പി.ടി.എ വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
No comments