ദേലംപാടി ഗ്രാമപഞ്ചായത്തിലെ അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ ചരിത്ര സാക്ഷിയായി രണ്ടു പീരങ്കികൾ
കാസർകോട്: ദേലംപാടി ഗ്രാമപഞ്ചായത്തിലെ അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ ചരിത്ര സാക്ഷിയായി രണ്ടു പീരങ്കികൾ. പതിനെട്ടാം നൂറ്റാണ്ടിലോ അതിനു മുമ്പോ തീതുപ്പിയ ഈ പീരങ്കികൾ പടയോട്ട കാലത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. അഡൂർ ശിലാശാസനത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി ക്ഷേത്രം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ.നന്ദകുമാർ കോറോത്ത് പീരങ്കികളുടെ ചരിത്ര പ്രാധാന്യം വിലയിരുത്തി. രണ്ട് പീരങ്കികളും നിർമ്മിച്ചത് സങ്കര ലോഹം കൊണ്ടാണ്. പീരങ്കികളിൽ ഒന്ന് പല ദിശ കളിലേക്ക് തിരിക്കുന്നതിനുള്ള കൈപ്പിടി ഉൾപ്പെടെ 96 സെന്റിമീറ്റർ നീളവും കൈപ്പിടിയില്ലാത്ത രണ്ടാമത്തേതിന് 90 സെന്റീമീറ്റർ നീളവുമാണുള്ളത്. ചക്രങ്ങളിൽ ഉറപ്പിക്കാൻ പാകത്തിൽ പീരങ്കികളുടെ രണ്ട് ഭാഗത്തും പിടികൾ ഉണ്ട്. സൈനിക മുന്നേറ്റത്തിൽ ചക്രങ്ങൾ ഘടിപ്പിച്ച് പടയോട്ടക്കാലത്ത് ശത്രു സൈനികർക്ക് നേരെ വിന്യസിച്ചതായിരിക്കാമെന്ന് അദ്ദേഹം പറയുന്നു. പീരങ്കികളുടെ വലുപ്പം ചെറുതാണ്. വിദേശ രാജ്യങ്ങളുടെ മുദ്രയോ നിർമ്മിച്ച വർഷമോ പീരങ്കികളിൽ വ്യക്തമായി ദൃശ്യമല്ല. തദ്ദേശീയ നിർമ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് ഗവേഷകനായ നന്ദകുമാർ പറയുന്നു. ഒരു കാലഘട്ടത്തിലെ ഏറ്റുമുട്ടലുകളുടെയും പ്രതിരോധത്തിന്റെയും ചരിത്ര സാക്ഷിയായി ഇന്നും അഡൂർ മഹാലിംഗേശ്വര ക്ഷേത്ര പറമ്പിൽ പീരങ്കികൾ സംരക്ഷിച്ചു വെച്ചിട്ടുണ്ടെന്നത് ക്ഷേത്ര അധികൃതരുടെ ചരിത്രബോധത്തിന്റെ തെളിവാണ്.
No comments