മണിക്കൂറുകളോളം നീണ്ട നെഞ്ചിടിപ്പ്! ട്രെയിനിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ വട്ടം കറക്കി; ബങ്കളം സ്വദേശി പിടിയിൽ......
കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വെച്ചതായി പോലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ഫോൺ സന്ദേശം നൽകിയ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ബങ്കളം സ്വദേശി പി.വി. രതീഷ് (42) ആണ് ഹോസ്ദുർഗ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് കാഞ്ഞങ്ങാട്, കാസർകോട് പോലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും 112 നമ്പറിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് നായയും വിവിധ ട്രെയിനുകളിൽ പരിശോധന നടത്തിയെങ്കിലും ബോംബോ മറ്റ് സംശയാസ്പദ വസ്തുക്കളോ കണ്ടെത്താനായില്ല. തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കാഞ്ഞങ്ങാട് ഭാഗത്തുണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷൻ മാവുങ്കാലിലേക്ക് മാറിയതോടെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. അനിൽകുമാറിന്റെയും സി.ഐ. ദിനേശിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മാവുങ്കാൽ മേൽപ്പാലത്തിനടിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കാസർകോട് നിന്ന് എത്തിയ മലബാർ എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ജി.ആർ.പി.യും ആർ.പി.എഫും സംയുക്തമായി ട്രെയിനിൽ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ ബോംബോ മറ്റ് സംശയാസ്പദ വസ്തുക്കളോ കണ്ടെത്തിയില്ല. കണ്ണൂർ ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴും ട്രെയിനിൽ വിശദമായ പരിശോധന നടത്തി. ഇതിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. പ്രതിയെ പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments