Breaking News

വെള്ളരിക്കുണ്ടിൽ നടന്ന കർഷകസ്വരാജ് സത്യഗ്രഹസമിതിക്ക് സർക്കാർ നൽകിയ ഉറപ്പുകൾ ഓർമിപ്പിച്ച് കർഷകസ്വരാജ് സമരസമിതി അംഗങ്ങൾ മുഖ്യമന്ത്രിക്ക് കുട്ടക്കത്തുകൾ പോസ്റ്റ് ചെയ്തു


വെളളരിക്കുണ്ട്: എത്ര കുപ്രചരണങ്ങൾ അഴിച്ചു വിട്ടാലും അടിച്ചമർത്തിയാലും അവഗണിച്ചാലും ലക്ഷ്യത്തിലും മാർഗ്ഗത്തിലും സത്യമുള്ള സമരങ്ങൾ പരാജയപ്പെടില്ലെന്ന് പ്ലാച്ചിമട കൊക്കകോളാവിരുദ്ധ സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ പ്രസ്താവിച്ചു. പ്ലാച്ചിമട സമരം അതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് നടന്ന കർഷകസ്വരാജ് സത്യാഗ്രഹ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച സമര പ്രവർത്തക സംഗമം വെളളരിക്കുണ്ട് വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കേരള സർക്കാർ കർഷകസ്വരാജ് സത്യാഗ്രഹ മുന്നയിച്ച ആവശ്യങ്ങളംഗീകരിച്ച് നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ന്യായമായ സമയത്തിനുള്ളിൽ പ്രശ്‌ന പരിഹാരത്തിലേക്ക് നയിക്കുന്ന ഇടപെടലുകൾ ഭരണ നേതൃത്വത്തിൽ നിന്നുണ്ടാവണമെന്ന വികാരമാണ് പ്രവർത്തക സംഗമത്തിൽ നടന്ന ചർച്ചകളിൽ പ്രകടമായതു്. പുതിയ സർക്കാർ പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ഫലപ്രദമായ നടപടികളിലേക്ക് കടന്നില്ലെങ്കിൽ സത്യാഗ്രഹം പുനരാരംഭിക്കണമെന്നും സംഗമത്തിൽ അഭിപ്രായമുണ്ടായി.

ഇക്കാര്യത്തിൽ നിരന്തരം വിലയിരുത്തലുകൾ നടത്തി ശക്തമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കുള്ള ഓർമ്മപ്പെടുത്തൽ കത്ത് പ്രവർത്തക സംഗമത്തിൽ പങ്കെടുത്തവർ പ്രകടനമായി പോസ്റ്റോഫിസിലെത്തി പോസ്റ്റ് ചെയ്തു.

പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അദ്ധ്യക്ഷതവഹിച്ച സംഗമത്തിൽ ബളാൽ ശ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോബി ജോസ്, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. ബേബി ചെമ്പരത്തി സ്വാഗതവും മൈക്കിൾ ഞൊണ്ടിമാക്കൽ കൃതജ്ഞതയും പറഞ്ഞു.

സമരവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി രാത്രി 8 മണിക്ക് കർഷക വിരുദ്ധ പരിസ്ഥിതി പക്ഷവും പരിസ്ഥിതി വിരുദ്ധ കർഷക പക്ഷവും നാടിനാപത്ത് എന്ന വിഷയത്തെകുറിച്ച്   ഓൺലൈൻ സെമിനാർ നടന്നു. സെമിനാർ കൂടംകുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് ഡോ.എസ് .പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വനം വകുപ്പിൻ്റെ നടപടികൾ മൂലം കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ച് ഒരു കർഷകൻ കൂടിയായ അദ്ദേഹം വിശദമാക്കി. എന്നാൽ കേരളത്തിലേതുപോലെ  ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന കർഷകരും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ അവിടെ തർക്കങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണങ്ങൾ മൂലമുള്ള കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും യോജിച്ചു ശ്രമിക്കയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ സണ്ണി പൈകട വിഷയാവതരണം നടത്തി.എസ് ഉഷ തണൽ, പി.റ്റി ജോൺ, കെ.വി.ബിജു ജോസുകുട്ടി ഒഴുകയിൽ , ഇ പി അനിൽ തുടങ്ങിയവർ സംസാരിച്ചു.

No comments